ഗാന്ധിഭവൻ സ്നേഹാശ്രമം വയോധികയ്ക്ക് അഭയം നൽകി
1485847
Tuesday, December 10, 2024 6:31 AM IST
പാരിപ്പള്ളി: സ്വന്തമായി ഒരു തുണ്ടു ഭൂമി പോലും ഇല്ലാത്ത വൃദ്ധമാതാവിനു കൂടി വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം അഭയം നൽകി.
മദ്യപാനിയായ ഭർത്താവിന്റെ ശല്യം സഹിക്കാനാവാതെ ഏക മകൾക്ക് പെറ്റമ്മയെ തെരുവിൽ ഉപേക്ഷിക്കേണ്ടിവന്നു. കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീലയുടേയും വൈസ് പ്രസിഡന്റ് ആർ. പ്രകാശിന്റേയും കടയ്ക്കാവൂർ പോലീസ് സബ് ഇൻസ്പെക്ടറുടേയും അപേക്ഷ പരിഗണിച്ചാണു സ്നേഹാശ്രമം അമ്മയെ സ്വീകരിച്ചത്.
പഞ്ചായത്ത് അധികൃതരും പൊതു പ്രവർത്തകരും കൂടിയാണു കടയ്ക്കാവൂർ പഞ്ചായത്ത് പതിനാലാം വാർഡ് ഏലാപ്പുറം ലക്ഷ്മി ഭവനിൽ ലീലാമ്മയെ സ്നേഹാശ്രമത്തിലെത്തിച്ചത്.
സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദിന്റെ നേതൃത്വത്തിൽ സ്നേഹാശ്രമം കുടുംബാംഗങ്ങൾ അമ്മയെ സ്വീകരിച്ചു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, ഡോ. രവിരാജ്, ആലപ്പാട്ട് ശശിധരൻ, പള്ളിക്കൽ മോഹനൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.