സിപിഎം ജില്ലാ സമ്മേളനം ഇന്നുമുതൽ; ജില്ലയിൽ അംഗങ്ങളുടേയും ബ്രാഞ്ചുകളുടേയും എണ്ണം വർധിച്ചു
1485852
Tuesday, December 10, 2024 6:31 AM IST
ചാത്തന്നൂർ: കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷം സിപിഎം അംഗങ്ങളുടേയും ബ്രാഞ്ചുകളുടേയും എണ്ണം വർധിച്ചതായി പാർട്ടി. 5290 അംഗങ്ങൾ പുതിയതായി ചേർന്നു.
152 പുതിയ ബ്രാഞ്ചുകൾ രൂപീകരിച്ചു. മൂന്ന് വർഷം മുമ്പ് കൊട്ടാരക്കരയിൽ ജില്ലാ സമ്മേളനം ചേരുമ്പോൾ പാർട്ടി അംഗങ്ങൾ 47353, പാർട്ടി ബ്രാഞ്ചുകൾ 3000, ലോക്കൽ കമ്മിറ്റികൾ 170 എന്നീ നിലയിലായിരുന്നു. 2024-ൽ ഇത് യഥാക്രമം 52643, 3152, 173 എന്ന നിലയിലാണ്. മൂന്നു വർഷത്തിനിടയിൽ 5290 അംഗങ്ങളും 152 ബ്രാഞ്ചുകളും വർധിച്ചു.
കൊട്ടിയത്ത് മൂന്ന് ദിവസം നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ഉദ്ഘാടനത്തിന് ശേഷം റിപ്പോർട്ട് അവതരണവും ചർച്ചയും നടക്കും. 450 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ജനജീവിതവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിലെ പ്രമേയങ്ങൾ സമ്മേളനം അംഗീകരിക്കും. പുതിയ ജില്ലാ കമ്മിറ്റിയേയും സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുക്കും.
കഴിഞ്ഞ സെപ്തംബർ ഒന്നിന് പുനലൂർ അച്ചൻകോവിലിൽ തുടങ്ങിയ ബ്രാഞ്ച് സമ്മേളനങ്ങൾ 3152 ഉം ഒക്ടോബർ 31-ന് പൂർത്തിയായിരുന്നു. 972 പേർ പുതിയ ബ്രാഞ്ച് സെക്രട്ടറിമാരായി. വനിതാ ബ്രാഞ്ച് സെക്രട്ടറിമാർ 253 ഉം 40 വയസിൽ താഴെയുള്ള ബ്രാഞ്ച് സെക്രട്ടറിമാർ 661ഉം. തുടർന്ന് ലോക്കൽ സമ്മേളനങ്ങൾ നടന്നു.
2299 ലോക്കൽ കമ്മിറ്റി അംഗങ്ങളുണ്ട്. ഇതിൽ 463 പേർ പുതിയ അംഗങ്ങളും 349 പേർ വനിതകളുമാണ്. പുതിയ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായി 35 പേരാണുള്ളത്. ഒരു വനിതാ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുണ്ട്.
മൂന്നു ടേം പൂർത്തിയാക്കിയ ഒന്പത് ഏരിയ സെക്രട്ടറിമാർ മാറുകയും പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുക്കുകയും ചെയ്തു. 354 ഏരിയ കമ്മിറ്റി അംഗങ്ങളിൽ 83 പേരെ പുതിയതായി ഉൾപ്പെടുത്തി.
വിപുലമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നു വർഷക്കാലം ജില്ലയിൽ നടന്നത്. രാഷ്ട്രീയ സംഘടനാപ്രവർത്തനങ്ങളും ജനകീയ കാമ്പയിനുകളും ഏറ്റെടുക്കുകയുണ്ടായി. സംഘടനാപരമായ വിപുലീകരണവും നടന്നു. കഴിഞ്ഞ മൂന്ന് വർഷക്കാലം ജില്ലയിൽ നടന്ന എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലുംഎൽഡിഎഫിനാണ് മേൽകൈ.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേതൃത്വം നൽകിയ ജനകീയ പ്രതിരോധജാഥ, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്, പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള കാമ്പയിൻ, മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സമ്പൂർണ ഭരണഘടനാ സാക്ഷരതാ പ്രഖ്യാപനം, കേന്ദ്ര അവഗണനയ്ക്കെതിരെയുള്ള പ്രക്ഷോഭം, വിലക്കയറ്റം പോലെ ജനജീവിതം ദുരിതപൂർണമാക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെയുള്ള കാമ്പയിൻ, സിപിഎമ്മിനെയും എൽഡിഎഫിനെയും ദുർബലപ്പെടുത്താനുള്ള പരിശ്രമങ്ങൾക്കെതിരെ നടന്ന കാമ്പയിനുകൾ, പ്രാദേശിക പ്രശ്നങ്ങൾ ഉയർത്തി നടത്തിയ സമരങ്ങൾ തുടങ്ങിയവ വലിയ ബഹുജന പിന്തുണ നേടിയെന്നും പാർട്ടി വിലയിരുത്തുന്നു.
എൻഎസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്തിന്റെ സമ്പന്നമായ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക-വൈജ്ഞാനിക തനിമ വിളിച്ചോതുന്ന കൊല്ലം മഹോത്സവം എന്ന പഠന സംവാദ പരിപാടി നടത്തിയിരുന്നു.
33 വിഷയങ്ങളിൽ 330-ഓളം പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്. ജില്ലയുടെ ഭാവി വികസനത്തിന് പുതിയ രൂപരേഖ സൃഷ്ടിക്കുന്ന പ്രധാന പ്രബന്ധങ്ങൾ സമാഹരിച്ച് പുസ്തകം 2025 ജനുവരി 25-ന് പ്രസിദ്ധീകരിക്കും.
വിവിധ പ്രദേശങ്ങളിൽ നടക്കുന്ന സാന്ത്വന പരിചരണ പ്രവർത്തനങ്ങളെ ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതിന് കൊല്ലം കെയർ ഹെൽത്ത് ആന്ഡ് പാലിയേറ്റീവ് ഫെഡറേഷൻ രൂപീകരിച്ചിരുന്നു. നിർധനർക്ക് വീട് വച്ചു നൽകുന്ന പദ്ധതിയിൽ ജില്ലയിലെ പാർട്ടി കമ്മിറ്റികൾ 59 വീടുകളിലെ പണി പൂർത്തിയാക്കി കുടുംബങ്ങൾക്ക് നൽകി. വർഗ ബഹുജന സംഘടനകളുടെ ചുമതലയിൽ 23 വീടുകളും നിർമിച്ചു നൽകിയതായും ജില്ലാ നേതൃത്വം തയാറാക്കിയ പ്രവർത്തന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
നേതൃത്വത്തെ ധിക്കരിച്ചു ലോക്കൽ സമ്മേളനങ്ങളിൽ മത്സരമുണ്ടായതും വിഭാഗീയത മൂലം ജില്ലയിൽ പല ലോക്കൽ സമ്മേളനങ്ങളും പല തവണ മാറ്റിവയ്ക്കേണ്ടി വന്നതും ലോക്കൽ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളെ തടഞ്ഞുവച്ചതും ചിറക്കര പോലെയുള്ള പഞ്ചായത്തുകളിൽ ഭരണം നഷ്ടപ്പെട്ടതും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ജില്ലാ സമ്മേളനത്തിൽ ചർച്ച ചെയ്യേണ്ടിവരും.