അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ ക്രിസ്മസ് ബാസ്കറ്റുകള് നിറയുന്നു
1486461
Thursday, December 12, 2024 6:07 AM IST
അഞ്ചല്‍: സെന്റ് ജോണ്‍സ് സ്കൂളില്‍ ഈ വര്‍ഷവും ക്രിസ്മസ് കാലത്ത് സ്ഥാപിക്കുന്ന ബാസ്കറ്റുകള് സമ്മാനങ്ങളാല്‍ നിറയാന്‍ തുടങ്ങി.
ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയാണ് ക്രിസ്മസ് ബാസ്കറ്റിലൂടെ ശേഖരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി സ്ഥാപിക്കുന്ന ക്രിസ്മസ് ബാസ്കറ്റുകള്ക്ക് കുട്ടികളില്‍ നിന്ന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. തെങ്ങോലകൊണ്ട് നിര്‍മിച്ച ബാസ്കറ്റ് കുട്ടികള്‍ അലങ്കരിച്ചാണ് സ്കൂളിലെ വിവിധ കോര്‍ണറുകളില്‍ സ്ഥാപിക്കുന്നത്.
ഈ വര്‍ഷം സ്ഥാപിച്ച ക്രിസ്മസ് ബാസ്കറ്റുകളില്‍ സ്കൂളില്‍ അവിചാരിതമായി എത്തിയ വിദേശ അതിഥികളാണ് ആദ്യം സമ്മാനങ്ങള്‍ നിക്ഷേപിച്ചത്. സ്വിറ്റ്സര്‍ലൻഡില്‍ നിന്ന് എത്തിച്ചേര്‍ന്ന ക്ലാവൂസ്വലീവ, റ്റിസിയന് ബര്‍ത്തര്‍ എന്നിവരാണ് ക്രിസ്മസ് ബാസ്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഓരോ ദിവസവും വരുന്ന സമ്മാനങ്ങള്‍ എണ്ണി തിട്ടപ്പെടുത്തി പാക്കറ്റുകളാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ക്രിസ്മസ് ബാസ്കറ്റില്‍ വരുന്ന സമ്മാനങ്ങള്‍ തിരുവനന്തപുരം വട്ടപ്പാറയ്ക്ക് അടുത്തുള്ള ശാന്തിതീരമെന്ന അഗതി മന്ദിരത്തിലാണ് നല്‍കുന്നത്. മനോദൗര്‍ബല്യമുള്ള 150 ഓളം അന്തേവാസികളാണ് അവിടെ ഉള്ളത്.
ക്രിസ്മസ് ബാസ്കറ്റ് പ്രോഗ്രാമിന് സ്കൂള്‍ മാനേജര്‍ ഫാ. ബോവസ് മാത്യു, പ്രിന്‍സിപ്പല്‍ മേരി പോത്തന്, വൈസ് ചെയര്മാന് കെ.എം. മാത്യു, ജനറല്‍ അക്കാഡമിക് കോ- ഓര്‍ഡിനേറ്റര്‍ പി.ടി. ആന്റണി എന്നിവര്‍ നേതൃത്വം നല്കുന്നു.