ജില്ലയിൽ നേതൃമാറ്റം ആലോചനയിൽ; അന്തിമ തീരുമാനമായില്ല
1486459
Thursday, December 12, 2024 6:07 AM IST
കൊല്ലം: കരുനാഗപ്പള്ളിയിലെ വിഭാഗീയത പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുറന്നടിച്ച സാഹചര്യത്തിൽ കൊല്ലത്ത് സിപിഎമ്മിൽ നേതൃമാറ്റത്തിന് സാധ്യതയേറി.
ജില്ലാ സെക്രട്ടറി എസ്. സുദേവനെ സ്ഥാനത്ത് നിന്ന് മാറ്റുമോ എന്ന ചർച്ചകൾ സമ്മേളന പ്രതിനിധികൾ അടക്കമുള്ളവരിൽ ഇന്നലെയും ചൂടേറിയ ചർച്ചയായി. അതേ സമയം സുദേവന് ഒരു തവണ കൂടി അവസരം നൽകണമെന്ന നിലപാടും ചിലർക്കുണ്ട്.
ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലയുടെ സംഘടനാ ചുമതലയുള്ള മന്ത്രി കെ.എൻ. ബാലഗോപാൽ, ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, സമ്മേളനത്തിന് എത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ രാത്രി വൈകി അനൗപചാരിക ചർച്ചകൾ നടത്തി. അന്തിമ തീരുമാനം ഇന്ന് സമ്മേളന പ്രതിനിധികളെ അറിയിക്കുമെന്നാണ് വിവരം.
സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്ന സാഹചര്യത്തിൽ സെക്രട്ടറിയെ മാറ്റുന്നത് ഉചിതമല്ല എന്ന നിലപാട് ചില നേതാക്കൾക്ക് ഉണ്ട്.
സെക്രട്ടറിയെ മാറ്റുകയാണെങ്കിൽ പകരം ആര് എന്ന ചോദ്യമാണ് ഇവർ ചർച്ച നടത്തിയത്. സംഘടനയെ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ കെല്പുള്ള നേതൃത്വം വരണമെന്ന ആഗ്രഹമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.
അങ്ങനെ വരുമ്പോൾ പ്രഥമ പരിഗണന ലഭിക്കുക സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദിനാണ്. മുൻ എംപി എന്ന നിലയിൽ നേതാക്കൾക്കും അണികൾക്കും ഇടയിൽ ഏറെ സമ്മതനുമാണ് അദ്ദേഹം.
ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നുള്ളവരെ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുകയാണെങ്കിൽ എസ്. ജയമോഹൻ, എക്സ്. ഏണസ്റ്റ് എന്നിവർക്കും സാധ്യതയുണ്ട്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് വനിതയെ പരിഗണിക്കുകയാണെങ്കിൽ സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കും സാധ്യതയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ എന്ന നിലയിൽ സംസ്ഥാന സമിതി അംഗം കെ. വരദരാജനെയും പരിഗണിച്ചേക്കാം.
പാർട്ടിയുടെ ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങളുടെ ഷെഡ്യൂൾ നിശ്ചയിച്ചപ്പോൾ തന്നെ ജില്ലയിലെ വിവിധ മേഖലകളിലെ വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഫലപ്രദമായി ഇടപെടണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയിരുന്നു.
ചേരിതിരിവ് ഉള്ള സ്ഥലങ്ങളിൽ ഇരുവിഭാഗത്തിന്റേയും അഭിപ്രായങ്ങൾ കേട്ടശേഷം സമവായം ഉണ്ടാക്കണമെന്നായിരുന്നു നിർദേശം. കരുനാഗപ്പള്ളിയിൽ അടക്കം പ്രശ്നം പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചു. മാത്രമല്ല നേതൃത്വത്തിൽ ചിലർ അവിടെ ഒരു പക്ഷത്തിന്റെ ഭാഗമായി നിലകൊണ്ടു. തലമുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ ചില ജില്ലാ നേതാക്കൾ മുഖവിലയ്ക്ക് എടുത്തതുമില്ല. വിഭാഗീയതയുടെ തീവ്രത സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിലും ജില്ലാ നേതൃത്വം പരാജയപ്പെട്ടു എന്നാണ് വിലയിരുത്തൽ.
ജില്ലാ നേതൃത്വത്തിലുള്ള ചിലർക്ക് എതിരേ ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം തെളിവുകൾ സഹിതം പരാതികളും സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് നേതൃമാറ്റം അനിവാര്യം എന്ന ചിന്ത ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത് എന്നറിയുന്നു.
മാത്രമല്ല ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും കാര്യമായ അഴിച്ചു പണി ഉണ്ടാകും എന്ന കാര്യവും ഉറപ്പാണ്. ജില്ലാ സെക്രട്ടേറിയറ്റിൽ കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തും. ഓഗസ്റ്റ് മൂന്നിന് നടന്ന പാർട്ടി സംസ്ഥാന സമിതി യോഗമാണ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടത്തേണ്ട തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അതിനുശേഷം നാല് മാസം കഴിഞ്ഞിട്ടും സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ചേരാൻ പോലും ജില്ലാ നേതൃത്വത്തിന് സാധിച്ചതുമില്ല. സ്വാഗത സംഘം രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് രണ്ട് തവണ തീയതികൾ ആലോചിച്ചുവെങ്കിലും ഇതിന് സംസ്ഥാന സമിതിയുടെ അനുമതി ലഭിച്ചില്ല എന്നാണ് വിവരം.
ജില്ലാ സമ്മേളനം പൂർത്തിയായശേഷം മതി സ്വാഗത സംഘം രൂപീകരണം എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സാധാരണ ഗതിയിൽ സ്വാഗത സംഘത്തിന്റെ ജനറൽ കൺവീനർ സ്ഥാനം പാർട്ടി ജില്ലാ സെക്രട്ടറിക്കായിരിക്കും.
പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയാണോ സ്വാഗത സംഘം രൂപീകരണം വൈകുന്നതെന്ന ആശങ്കയും പ്രതിനിധികൾക്കിടയിൽ ശക്തമാണ്.
ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്
കൊല്ലം: സിപിഎം ജില്ലാ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പുതിയ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും സംസ്ഥാന സമ്മേളന പ്രതിനിധികളെ നിശ്ചയിക്കലും ഇന്നുണ്ടാകും.
ജില്ലാ സെക്രട്ടറി എസ്. സുദേവൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻ മേൽ ഇന്നലെ പൊതുചർച്ച നടന്നു. പൊതുചർച്ചയിൽ അഡ്വ. എസ്. ശ്യാം, ഡോ.കെ. ഷാജി, ലൈലജ (പുനലൂർ), അഡ്വ. അനിൽകുമാർ, ബി. ശശി, ബിന്ദു ശിവൻ (ശൂരനാട്), വി.എസ്. സതീഷ്, രഞ്ജു സുരേഷ്, ഡി. വിശ്വസേനൻ (അഞ്ചൽ), അഞ്ജു കൃഷ്ണ, ജി. ആനന്ദൻ, പി. അനിത് (കൊല്ലം), ഹരികൃഷ്ണൻ, രജനി, എം.കെ. ശ്രീകുമാർ (ചാത്തന്നൂർ), അഡ്വ. സുമലാൽ, ശ്രീകുമാർ, ജെ. രാമാനുജൻ (നെടുവത്തൂർ), ആർ. മനോജ്, സുമി, ബൈജു ജോസഫ് (അഞ്ചാലുംമൂട്), ബീനാദയാൽ, കെ. നിയാസ്, ശ്യാം മോഹൻ (ചവറ), ആർ. പ്രസന്നൻ, ശ്രീധരൻപിള്ള, ഫത്തഹുദീൻ (കൊട്ടിയം), ബിജു ഡാനിയൽ, ശ്രീകുമാർ, എസ്. അജി (പത്തനാപുരം), അഡ്വ. ടി.എസ്. പത്മകുമാർ, കെ. സിന്ധു, എസ്. ഷൈൻ കുമാർ (ചടയമംഗലം), ടി.എസ്. പ്രഫുല്ലഘോഷ്, ദിനേഷ്, ബൈജു, ആർ. ലത (കടയ്ക്കൽ), യശ്പാൽ, പ്രിയദർശിനി (കുന്നത്തൂർ), കെ.പി. സജിനാഥ്, ഷബീർ (കൊല്ലം ഈസ്റ്റ്), ബീന എസ്. മോഹൻ, ആർ. രാജേഷ് (കൊട്ടാരക്കര), ആർ. സുരേഷ്ബാബു, സി. സന്തോഷ് (കുണ്ടറ), ഷൈൻ പ്രഭ (കുന്നിക്കോട്), ഹരിലാൽ, ഡോ. നിത്യ, കാർത്തിക് ആനന്ദ് എന്നിവർ പങ്കെടുത്തു.
വൈകുന്നേരം നാലിന് സമ്മേളന നഗറിൽ പൊതുസമ്മേളനം നടക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ, കെ.കെ. ശൈലജ, സി.എസ്. സുജാത, എം. സ്വരാജ്, പുത്തലത്ത് ദിനേശൻ എന്നിവർ പ്രസംഗിക്കും.