ചിതറയില്‍ കുരങ്ങുകള്‍ കൂട്ടമായി ചത്ത നിലയില്‍: ആശങ്കയില്‍ നാട്ടുകാര്‍
1486117
Wednesday, December 11, 2024 6:16 AM IST
വനം വകുപ്പ് അന്വേഷണം തുടങ്ങി
അഞ്ചല്‍ : ചിതറയില്‍ കുരങ്ങുകളെ കൂട്ടമായി ചത്ത നിലയില്‍ കണ്ടെത്തി. കുറക്കോട് അനോട്ടുകാവ് പള്ളിയ്ക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിലാണ് നാല് കുരങ്ങുകള്‍ ചത്ത നിലയിലും രണ്ടെണ്ണം അവശനിലയിലുമായി കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് അഞ്ചല്‍ റേഞ്ച് വനപാലകര്‍ സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണ കാരണം വ്യക്തമാകുവെന്ന് വനപാലകര്‍ അറിയിച്ചു. മരത്തില്‍ ഇരിക്കുന്ന കുരങ്ങുകള്‍ നിലത്തു വീഴുകയും ഏറെ സമയം കഴിഞ്ഞു ചാവുകയുമാണെന്ന് നാട്ടുകാര്‍ പറയുന്നു. കൂട്ടമായി ഇവ ചത്തു വീഴുന്നതോടെ നാട്ടുകാരും ഭീതിയിലാണ്.
അതേസമയം കുരുങ്ങുകള്‍ കൂട്ടമായി ചത്തു വീഴുന്നതില്‍ വനം വകുപ്പ് ദുരൂഹത സംശയിക്കുന്നുണ്ട്. വിഷം ഉള്ളില്‍ ചെന്നതാകാം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഇനിയും ഉണ്ടായിട്ടില്ല.
അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജികുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. അനിൽ കുമാർ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അബ്ദുൽ ഖരീം, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ ജിഷ ജി .നായർ, അനു, ഫോറസ്റ്റ് വാച്ചർമാരായ പ്രദീഷ്, സുരേഷ് എന്നിവർ ഉൾപ്പെടുന്ന സംഘം ആണ് അന്വേഷിക്കുന്നത്.
അന്വേഷണം ആരംഭിച്ചതായും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും റേഞ്ച് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.