ഓട്ടോ ഇടിച്ചിട്ട സ്കൂട്ടറിനെ കാറിടിച്ച് തെറിപ്പിച്ചു
1483304
Saturday, November 30, 2024 5:59 AM IST
കൊട്ടിയം: ഓട്ടോ ഇടിച്ച സ്കൂട്ടറിനെ കാറടിച്ചു തെറിപ്പിച്ചു. സ്കൂട്ടർ യാത്രക്കാരായ സ്ത്രീകൾ റോഡിലേക്ക് തെറിച്ചു വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഹെൽമറ്റ് ധരിച്ചിരുന്നതിനാലും സംഭവ സമയം മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാലും വലിയ അപകടം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ദേശീയപാതയിൽ കൊല്ലൂർവിള പള്ളിമുക്ക് പെട്രോൾ പമ്പിന് കിഴക്ക് ലാതൻ സാ ജംഗ്ഷനിലായിരുന്നു അപകടം. കൊല്ലം ഭാഗത്തുനിന്ന് വരികയായിരുന്നു സ്കൂട്ടർ യാത്രക്കാർ. ഈ സമയം ലാതൻ സാ റോഡിൽ ഒരു ഓട്ടോ കിടക്കുന്നുണ്ടായിരുന്നു. മറ്റൊരു ഓട്ടോറിക്ഷ ലാതൻ സാ റോഡിലേക്ക് തിരിയാൻ എത്തി.
ഈ ഓട്ടോയാണ് സ്കൂട്ടറിൽ ഇടിച്ചത്. ഇടിയിൽ നിയന്ത്രണംവിട്ട സ്കൂട്ടറിൽ പിന്നാലെ വരികയായിരുന്ന കാറിടിക്കുകയും സ്കൂട്ടർ യാത്രക്കാരായ സ്ത്രീകൾ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.
സംഭവം നടന്നയുടൻ ഓടിക്കൂടിയ സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ ചേർന്ന് അപകടത്തിൽപ്പെട്ട യുവതികളെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒരാളിന് കാലിനും മറ്റൊരാൾക്ക് നടുവിനുമാണ് പരിക്കേറ്റത്. പരിക്കേറ്റവർ മയ്യനാട് സ്വദേശികളാണ്.