തെരുവിൽ കഴിഞ്ഞ വയോധികന് അഭയമേകി ആശ്രയ സങ്കേതം
1494574
Sunday, January 12, 2025 6:02 AM IST
കൊട്ടാരക്കര: കാലിലെ ആഴത്തിലുള്ള മുറിവിൽ നിന്ന് തുളച്ചുകയറുന്ന വേദനയിൽ ഒന്നു ഞരങ്ങാൻ പോലുമാകാതെ മരണാസന്നനിലയിൽ തെരുവിൽ കഴിഞ്ഞ വയോധികന് അഭയമേകി കലയപുരം ആശ്രയ സങ്കേതം.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിന്റെ മുൻവശത്ത് ഒരുമാസമായി കഴിഞ്ഞുവന്നിരുന്ന വിജയനെയാണ് (64) ആശ്രയ ഏറ്റെടുത്തത്. ഇദ്ദേഹത്തിന്റെ ഇടതുകാലിലാണ് ആഴത്തിലുള്ള മുറിവുള്ളത്. പഴുത്തു പുഴുവരിച്ചു ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. അതിനാൽ എണീറ്റ് നടക്കാൻ കഴിയാതെ ഇരുന്നു നിരങ്ങുകയായിരുന്നു വിജയൻ. അതോടൊപ്പം ഇദ്ദേഹത്തിന് മാനസിക പ്രശ്നങ്ങളും അലട്ടിയിരുന്നു. സ്വദേശം വള്ളികുന്നമാണെന്ന് പറയുന്നുണ്ടെങ്കിലും മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല .
ഇയാളുടെ ദയനീയ ജീവിതം കാണാനിടയായ ആശ്രയ അനാഥരില്ലാത്ത ഭാരതം ആലപ്പുഴ ജില്ലാ ഭാരവാഹി ഓമനക്കുട്ടൻ ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസിനെ വിവരമറിയിക്കുകയും തുടർന്ന് ഏറ്റെടുക്കുകയുമായിരുന്നു.
കലയപുരം ആശ്രയ സങ്കേതത്തിൽ എത്തിച്ച ഇദ്ദേഹത്തെ വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവശിപ്പിച്ചു. ശരീരത്തിനും മനസിനും നല്ല ചികിത്സ നൽകി സാധാരണ നിലയിലേക്കെത്തിച്ച് ബന്ധുക്കളെ കണ്ടെത്തി ഏൽപ്പിക്കാനാണ് ആശ്രയയുടെ ലക്ഷ്യം.