പെരിനാട് സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
1494578
Sunday, January 12, 2025 6:14 AM IST
കൊല്ലം: സംസ്ഥാന സർക്കാറിന്റെ അടിസ്ഥാന വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവിട്ട് പെരിനാട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിട ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. വിദ്യാർഥികൾക്ക് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന സർക്കാർ നയമാണ് ഓരോ കെട്ടിടങ്ങളും നിർമിക്കുന്നതിലൂടെ പാലിക്കപ്പെടുന്നത്. ആധുനിക പഠന രീതികൾ നടപ്പിലാക്കുന്നത് മുതൽ ക്ലാസ് മുറികൾ ഡിജിറ്റൽ തുല്യത ഉറപ്പാക്കുന്നതിൽ വരെ അന്തർദേശീയ മാനദണ്ഡങ്ങളാണ് പിന്തുടരുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
പി.സി. വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി, പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മഠത്തിൽ സുനിൽ, വാർഡ് അംഗം ജി. ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ദിനേശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. അനിൽകുമാർ, ഡിഡിഇ കെ.ഐ. ലാൽ, പ്രധാനാധ്യാപിക എസ്. ഉഷാകുമാരി, പ്രിൻസിപ്പൽ ബി. ബിന്ദു എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വിദ്യാർഥികളും പൂർവ വിദ്യാർഥികളും വികസന സമിതി അംഗങ്ങളും ചേർന്നുള്ള ‘നിറക്കൂട്ട് 2025’ കലാവിരുന്നും അരങ്ങേറി.