സുഗതകുമാരി നാരീശക്തിയുടെ ഉദാഹരണം: കേന്ദ്രമന്ത്രി എൽ. മുരുഗൻ
1494570
Sunday, January 12, 2025 6:02 AM IST
ചാത്തന്നൂർ: രാജ്യത്തെ നയിക്കുന്ന നാരീശക്തിയുടെ ഉദാഹരണമാണ് കവയത്രി സുഗതകുമാരിയുടെ ജീവിതമെന്ന് കേന്ദ്ര മന്ത്രി ഡോ. എൽ. മുരുഗൻ.
സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി സുഗത സൂക്ഷ്മവനം പരിപാടി പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീശാക്തീകരണത്തിനും പ്രകൃതിസംരക്ഷണത്തിനും സമർപ്പിച്ച ജീവിതമായിരുന്നു സുഗതകുമാരിയുടേതെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ അങ്കണത്തിൽ മന്ത്രി വൃക്ഷതൈ നട്ടു. സുഗതകുമാരിയുടെ കവിതാലാപനം നടത്തി. അമൃത സ്കൂളിലെ വിദ്യാർഥികൾ കവിതയുടെ നൃത്താവിഷ്കാരം അവതരിപ്പിച്ചു. കുമ്മനം രാജശേഖരൻ പദ്ധതി വിശദീകരിച്ചു.
കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി, ബ്രഹ്മചാരി സുനിൽശാന്തി, വി.ജെ. ശ്രീകുമാർ, പ്രിൻസിപ്പൽ ഷീബ, പഞ്ചായത്ത് അംഗം മുരളീധരൻ, പ്രഥമാധ്യാപിക ഗിരിജകുമാരി, പിടിഎ പ്രസിഡന്റ് അനിൽകുമാർ, ബി.എ. സുന്ദരേശൻ, ശിവള എന്നിവർ പ്രസംഗിച്ചു.