സിപിഎം സംസ്ഥാന സമ്മേളനം: പ്രചാരണങ്ങൾക്ക് തുടക്കമായി
1494577
Sunday, January 12, 2025 6:14 AM IST
കൊല്ലം: കൊല്ലത്ത് മാർച്ചിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങി. ചുവരെഴുത്ത് നടത്തി തുടക്കം കുറിച്ചു. കൊല്ലം എസ്എൻ കോളജിന് മുന്നിൽ ചിത്രകാരന്മാരായ ഷാൻ ചവറ, യു.എം. ബിന്നി, 'സ്മിത എം. ബാബു എന്നിവർ ചേർന്നാണ് ആദ്യ ചുവരെഴുത്ത് നടത്തിയത്.
സമ്മേളന ലോഗോ പ്രകാശനം ഇന്ന് വൈകുന്നേരം അഞ്ചിന് കൊല്ലം ബീച്ചിൽ നടക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ, കവി കുരിപ്പുഴ ശ്രീകുമാർ, അശോകൻ ചരുവിൽ, ഡോ. സുനിത ഗണേഷ്, എം.വി. നികേഷ് കുമാർ, ഡോ. പി. സരിൻ, എമി ഏബ്രഹാം, മേയർ പ്രസന്ന ഏണസ്റ്റ്, എം. മുകേഷ് എംഎൽഎ, എം. നൗഷാദ് എംഎൽഎ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം നിർവഹിക്കും.
എസ്എൻ വനിതാ കോളജ് വിദ്യാർഥികളുടെ സംഗീത പരിപാടി, പഞ്ചാരിമേളം, എസ്എൻ കോളജ് വിദ്യാർഥി ആദർശ് ബാബുവിന്റെ തബല, ബാലസംഘം കുട്ടികളുടെ ബലൂൺ- പട്ടം പറത്തൽ എന്നിവയും ഉണ്ടാകും.