കാട്ടാക്കട ഡിപ്പോയിൽ വീണ്ടും സംഘട്ടനം
1494895
Monday, January 13, 2025 6:29 AM IST
കാട്ടാക്കട: കാട്ടാക്കട ഡിപ്പോയിൽ വീണ്ടും സംഘട്ടനം. കെഎസ്ആർടിസി വാണിജ്യ സമുച്ചയം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇടമായി മാറുന്നുവെന്ന പരാതികൾ നിലനിൽക്കെയാണ് വീണ്ടും ഇവിടെ സംഘർഷം ഉണ്ടായത്.
കഴിഞ്ഞ ദിവസമാണ് ഒരു കൂട്ടം വിദ്യാർഥികൾ തമ്മിൽ തല്ലിയത്. യാത്രക്കാർ ഓടിയെത്തുമ്പോഴേയ്ക്കും ഇവർ ഭീഷണി മുഴക്കി പിരിഞ്ഞുപോയി. അടുത്തിടെ നടക്കുന്ന അഞ്ചാമത് സംഘട്ടനമാണ് ഇത്. പലപ്പോഴും വാണിജ്യ സമുച്ചയത്തിലെ സ്ഥാപനങ്ങളിലുള്ളവരും യാത്രക്കാരായവരും പറഞ്ഞു വിലക്കാൻ ശ്രമിച്ചാൽ ഇവരുടെ നേരെ അസഭ്യവർഷവുമായി സംഘം ഒരുമിക്കുന്ന സ്ഥിതി ആയതോടെയാണ് ഇപ്പോൾ കുറെ നാളായി ഇവരാരും ഇത്തരം സംഭവങ്ങൾ നടന്നാൽ പോലീസിനെ പോലും അറിയിക്കാൻ മെനക്കെടാത്തത്.
പ്രായപൂർത്തി ആകാത്തവരാണ് ഇവിടെ തമ്പടിക്കുന്നതിൽ അധികവും എന്നതിനാൽ പോലീസിനും ഇവിടുത്തെ പ്രശ്നങ്ങളിൽ ഇടപ്പെട്ടാൽ ഉണ്ടാകുന്ന പുലിവാലുകൾ ഓർത്തു തണുപ്പൻ മട്ടുണ്ട്.
സ്ഥാപനങ്ങൾക്കു മുന്നിലുള്ള ഇടനാഴിയിലും ഇതിനു സമീപത്ത് ഒഴിഞ്ഞുകിടക്കുന്ന ഇടനാഴികളിലുമൊക്കെയാണ് വിദ്യാർഥികളും പുറത്തുള്ളവരും രാവിലെ മുതൽ തമ്പടിക്കുന്നത്. ഇവരിൽ പലരുടെയും നേതൃത്വത്തിൽ ഇവിടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെ ന്നതും പരസ്യമാണ്.
സ്ഥലത്ത് പ്രദേശത്തെ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥി കളെക്കൂടാതെ പുറത്തുനിന്നുള്ളവരും എത്തി തമ്പടിക്കുക പതിവാണ്. കഞ്ചാവിന്റെയും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും വിതരണ-വില്പന കേന്ദ്രം കൂടിയായി ഇവിടം മാറിയിട്ടുണ്ട്.
പലപ്പോഴും യുവാക്കളും കൗമാരക്കാരും തമ്മിൽ ഉള്ള തർക്കം കൈയാങ്കളിയിലെത്തി സമീപ കടകളിലേക്ക് കൂടെ ആക്രമണം വ്യാപിക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.സ്ഥലത്ത് പോലിസ് പട്രോളിംഗും കെഎസ്ആർടിസി സുരക്ഷാ ജീവനക്കാരുടെ അഭാവവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇവിടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ യഥേഷ്ടം നടക്കുന്നുണ്ടെന്നു യാത്രക്കാരും പരാതി പറയുന്നുണ്ട്.
അടുത്തിടെ സംഘട്ടനമുണ്ടായപ്പോൾ സർവകക്ഷിയോഗം ചേർന്ന് ഇവിടെ പോലീസ് സാന്നിധ്യം ഉറപ്പാക്കാൻ നിർദേശം വച്ചിരുന്നു. പോലീസ് അത് അംഗീകരിച്ചെങ്കിലും നടപടി ഉണ്ടായില്ലന്ന് മാത്രം.