പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലെ ടൈപ്പ് ത്രീ ക്വാർട്ടേഴ്സ് തുറന്നു
1494572
Sunday, January 12, 2025 6:02 AM IST
പാരിപ്പള്ളി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ടൈപ്പ് ത്രീ ക്വാർട്ടേഴ്സ് തുറന്നു. 10 നിലകളിലായി 60 ക്വാർട്ടേഴ്സുകൾ ഉള്ള കെട്ടിടം കഴിഞ്ഞ ദിവസമാണ് തുറന്നു നൽകിയത്. ഒരു പതിറ്റാണ്ടിലേറെയായി അടഞ്ഞു കിടന്ന ക്വാർട്ടേഴ്സ് തുറന്നു മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്ക് അനുവദിച്ചു തുടങ്ങിയതായി അധികൃതർ പറഞ്ഞു.
2012 ൽ മെഡിക്കൽ കോളജ് ആശുപത്രി കെട്ടിട സമുച്ചയത്തിനൊപ്പം ആറുകോടിയോളം രൂപ ചെലവിൽ നിർമിച്ച ക്വാർട്ടേഴ്സിന് അഗ്നിരക്ഷാ സേനയുടെ എൻഒസി ഇല്ലാത്തതിനാൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. അഗ്നിരക്ഷാ മാനദണ്ഡങ്ങൾ സജ്ജമാക്കിയതിനെ തുടർന്ന് ക്വാർട്ടേഴ്സിനു ഫയർ ഫോഴ്സിന്റെ അനുമതി പത്രം ലഭിച്ചു. ഇലക്ട്രിക്കൽ, പ്ലമ്പിംഗ് നവീകരണവും നടത്തി കെട്ടിടം തുറന്നു.
മെഡിക്കൽ കോളജ് ആശുപത്രി സമുച്ചയത്തിലെ ഏറ്റവും ഉയരം കൂടിയതും നാല് ക്വാർട്ടേഴ്സ് മന്ദിരങ്ങളിൽ ഏറ്റവും വലുതുമാണ് ടൈപ്പ് ത്രീ ക്വാർട്ടേഴ്സ്. നിശ്ചിത ശമ്പള പരിധിക്കുള്ളിലെ നഴ്സിംഗ്, ക്ലാർക്ക് ജീവനക്കാർക്കുള്ളതാണ് ഈ ക്വാർട്ടേഴ്സ്. രണ്ട് കിടപ്പ് മുറി, ഹാൾ, അടുക്കള, വരാന്ത എന്നിവ അടങ്ങിയതാണ് ഓരോ ക്വാർട്ടേഴ്സും.
ടൈപ്പ് വൺ ക്വാർട്ടേഴ്സ് പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിങ്ങനെ ഭരണ ചുമതലയുള്ളവർക്കും ടൈപ്പ് ടു ക്വാർട്ടേഴ്സ് ഫാക്കൽറ്റികൾക്കും ടൈപ്പ് ഫോർ അറ്റൻഡർ, പ്യൂൺ വിഭാഗങ്ങൾക്കുമാണ്. ടൈപ്പ് ത്രീ ഒഴിച്ചു ബാക്കിയുള്ളവ ആശുപത്രി ആരംഭിച്ചപ്പോൾ തന്നെ തുറന്നു നൽകിയിരുന്നു. സർക്കാർ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ഈ മാസം തന്നെ ക്വാർട്ടേഴ്സ് പൂർണമായും അനുവദിക്കും. ക്വാർട്ടേഴ്സ് അനുവദിച്ചു തുടങ്ങി ദിവസങ്ങൾക്കകം 25 ക്വാർട്ടേഴ്സുകളിൽ താമസക്കാരുമെത്തി.പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഈ മാസം മുതൽ എല്ലാ വിഭാഗം ജീവനക്കാർക്കും പഞ്ചിംഗ് സംവിധാനം നിർബന്ധമാക്കും. ഡോക്ടർമാർക്ക് നേരത്തെ തന്നെ പഞ്ചിംഗ് ഏർപ്പെടുത്തിയിരുന്നു.