പൈപ്പിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി; ജലവിതരണം സാധാരണ നിലയിൽ
1494896
Monday, January 13, 2025 6:31 AM IST
പേരൂർക്കട: കാഞ്ഞിരംപാറ ജംഗ്ഷനു സമീപം പൊട്ടിയ വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പിന്റെ അറ്റപ്പണി പൂർത്തീകരിച്ചു. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് അറ്റകുറ്റപ്പണി പൂർത്തിയായത്.
പിടിപി നഗറിൽനിന്നും കാഞ്ഞിരംപാറ വഴി വട്ടിയൂർക്കാവിന്റെ വിവിധ ഭാഗങ്ങളിലേക്കു കുടിവെള്ളമെത്തിക്കുന്ന പിവിസി ലൈനിലായിരുന്നു ചോർച്ച കണ്ടെത്തിയത്. ഒരാഴ്ചയായി പൈപ്പുപൊട്ടി ടാറിനു മുകളിൽകൂടി ജലം പാഴാകുകയായിരുന്നു.
കരാർ ജീവനക്കാരെത്തി റോഡ് കുഴിച്ചാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. പൈപ്പ് പൊട്ടിയതുമൂലം തൊഴുവൻകോട്, കാഞ്ഞിരംപാറ, ബംഗ്ലാവുവിള, മഞ്ചാടിമൂട് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ കുടിവെള്ളം മുടങ്ങുകയുണ്ടായി.
അതേസമയം വട്ടിയൂർക്കാവിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി ജലം പാഴായിക്കൊണ്ടിരിക്കുകയാണെന്നും അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കാത്തതിനാൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നുണ്ടെന്നും ജനങ്ങൾ ആരോപിച്ചു.
കാഞ്ഞിരംപാറയിലെ കുടിവെള്ള പൈപ്പിന്റെ ജോയിന്റി ലാണ് ചോർച്ച കണ്ടെത്തിയതെന്നും അറ്റകുറ്റപ്പണി പൂർത്തിയാക്കി ജലവിതരണം സാധാരണ നിലയിലായിട്ടുണ്ടെന്നും സെക്ഷൻ അധികൃതർ വ്യക്തമാക്കി.