ആശ്രാമം ഇഎസ്ഐ മെഡിക്കൽ കോളജിനായി പാർവതി മില്ലിന്റെ സ്ഥലം ലഭ്യമായേക്കും
1494564
Sunday, January 12, 2025 6:02 AM IST
കൊല്ലം: ആശ്രാമം ഇഎസ്ഐ മോഡല്‍ ആന്റ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തുന്നതിന് പാര്‍വതി മില്ലിന്റെ സ്ഥലം ലഭ്യമാക്കുവാന്‍ നിലവില്‍ കോടതി മുമ്പാകെയുളള കേസ് എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ നാഷണല്‍ ടെക്സ്റ്റെയില്‍സ് കോര്പ്പറേഷന് നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി ഗിരിരാജ്സിംഗ് എന്‍.കെ. പ്രേമചന്ദ്രന് എംപി യെ അറിയിച്ചു.
പാര്‍വതി മില്ലിന്റെ സ്ഥലം വിട്ടു കിട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നും നിലവിലെ കേസുകള്‍ അടിയന്തരമായി തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിയ്ക്ക് നിവേദനം നല്‍കുകയും നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതിന്റെയും അടിസ്ഥാനത്തിലാണ് രേഖാമൂലം മറുപടി നല്‍കിയത്.
ഭൂമി വിട്ടുകിട്ടുന്നതിനായി നോഡല്‍ ഡിപ്പാര്‍ട്ട്മെന്റായ ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് വകുപ്പ് മുഖാന്തിരം നിര്‍ദേശം സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര തൊഴില്‍ മന്ത്രാലയം ടെക്സ്റ്റെയില്‍ മന്ത്രാലയത്തോട് ഭൂമി ആവശ്യപ്പെടുന്നതിന് ഭരണപരമായ നടപടിയെന്ന നിലയില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും തൊഴില്‍ വകുപ്പ് സെക്രട്ടറിയുടെയും പദ്ധതി നിര്‍ദേശം അനിവാര്യമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കേന്ദ്ര സര്‍ക്കാരിലേയ്ക്ക് നിര്‍ദേശം സമര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, തൊഴില്‍ വകുപ്പ് സെക്രട്ടറി എന്നിവരോട് ആവശ്യപ്പെട്ടതായും എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.