ലോഡ്ജ് മുറിയിൽ യുവാവും യുവതിയും മരിച്ച നിലയിൽ
1494886
Monday, January 13, 2025 6:29 AM IST
തിരുവനന്തപുരം: തന്പാനൂരിലെ ലോഡ്ജിൽ യുവതിയെ കഴുത്തിനു കുത്തേറ്റു മരിച്ചനിലയിലും മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. സ്വകാര്യ ചാനലിലെ ജീവനക്കാരനായ പേയാട് പനങ്ങോട് ആലന്തറക്കോണത്ത് സി. കുമാർ (52), പേയാട് ചെറുപാറ എസ്.ആർ. ഭവനിൽ ആശ (42) എന്നിവരാണ് മരിച്ചത്.
തന്പാനൂർ കെ എസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള കൊടിയിൽ ടൂറിസ്റ്റ് ഹോമിലെ മുറിയിൽ ഇന്നലെ രാവിലയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹമോചിതനായ കുമാറും ഭർതൃമതിയായ ആശയും ഏറെക്കാലമായി സുഹൃത്തുക്കളായിരുന്നെന്നാണ് വിവരം.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ, സ്വകാര്യ ചാനലിലെ ജീവനക്കാരനായ കുമാർ വെള്ളിയാഴ്ച ഉച്ചയോടെ ലോഡ്ജിൽ മുറിയെടുക്കുകയും ശനിയാഴ്ച പുലർച്ചെ ആശ ഇവിടെ എത്തുകയുമായിരുന്നു. മുറിയിൽ കയറിയ ഇരുവരും പിന്നീട് പുറത്തിറങ്ങിയില്ല. ഇന്നലെ രാവിലെ റൂം വൃത്തിയാക്കുന്നതിനായി ലോഡ്ജിലെ ജീവനക്കാർ പലവട്ടം വാതിലിൽ മുട്ടിവിളിച്ചിട്ടും തുറക്കാതെ വന്നതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്നു പോലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു ആശയുടെ മൃതദേഹം. കുമാറിനെ കൈത്തണ്ടയിലെ ഞരന്പുമുറിച്ചശേഷം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
യുവതിയെ കൊലപ്പെടുത്തിയശേഷം കുമാർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽനിന്നും രക്തം പുരണ്ട കത്തിയും ബാഗിലാക്കിയ നിലയിൽ ആശയുടെയും കുമാറിന്റെയും വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പു നടത്തി.
കഴിഞ്ഞ ദിവസം ആശയെ കാണാനില്ലെന്നു കാണിച്ചു കെട്ടിട നിർമാണ തൊഴിലാളിയായ ഭർത്താവ് സുനിൽ കുമാർ വിളപ്പിൽശാല പോലീസിനു പരാതി നൽകിയിരുന്നു. ജോലിക്കു പോയ ഭാര്യ ആശയെ ശനിയാഴ്ച പുലർച്ചെ മുതൽ കാണാതായെന്നാണ് പരാതി നൽകിയിട്ടുള്ളത്. പരാതിയിൽ വിളപ്പിൽശാല പോലീസ് കേസെടുത്തിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
നഗരമധ്യത്തിലെ ദാരുണ സംഭവത്തിൽ ഞെട്ടി തലസ്ഥാനം
തിരുവനന്തപുരം: തന്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആശയുടെ ശരീരത്തിൽ ക്ഷതമേറ്റ പാടുകളുണ്ടെന്നും മുറിയിൽ മൽപ്പിടുത്തം നടന്നതിന്റെയും ലക്ഷണങ്ങളുണ്ടെന്നു സൂചന. കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നതാണ് സാഹചര്യത്തെളിവുകൾ എന്നാണ് പോലീസ് നൽകുന്ന അനൗദ്യോഗിക വിവരം.
യുവതിയെ കഴുത്തറുത്തു കൊന്നശേഷം മധ്യവയസ്കൻ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പേയാട് സ്വദേശികളായ സി. കുമാർ, ആശ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് ആശയെ കണ്ടെത്തിയത്. കുമാറിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
ആശയെ കാണാനില്ലെന്നു കാട്ടി ഭർത്താവ് കഴിഞ്ഞദിവസം പോലീസിനു പരാതി നൽകിയിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽ മൽപ്പിടുത്തം നടന്നതായി വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ഇരുവരും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം. വിവാഹമോചിതനായ ശേഷമാണു കുമാർ ആശയുമായി അടുപ്പത്തിലായത്. വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ് ആശ.