നാഷണൽ സർവീസ് സ്കീം പ്രവർത്തനം മാതൃകാപരം: മന്ത്രി വി.ശിവൻകുട്ടി
1494573
Sunday, January 12, 2025 6:02 AM IST
കൊല്ലം: സംസ്ഥാനത്ത് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ ലോകമെമ്പാടും പുതുമാതൃക സൃഷ്ടിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി.
ടികെഎം എൻജിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം 2023-2024, സംസ്ഥാനതല അവാർഡ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെയും സമൂഹത്തിന്റെയും ഉന്നമനം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്.
വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി 25 വീടുകൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ നിർമിച്ചു നൽകി. യുവാക്കൾക്കിടയിൽ അധികരിച്ച് വരുന്ന ലഹരി ഉപയോഗം തടയുന്നതിനായി വിവിധ പരിപാടികളാണ് നടപ്പിലാക്കി വരുന്നത്.
പ്രളയം-കോവിഡ് മഹാമാരി കാലത്ത് സർക്കാർ സംവിധാനത്തോടൊപ്പം ചേർന്നു നിന്ന് പ്രവർത്തിക്കാൻ വോളണ്ടിയർമാർക്ക് സാധിച്ചു. രക്തദാന ക്യാമ്പുകൾ ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിച്ച് സാമൂഹിക സേവനരംഗത്ത് എൻഎസ്എസ് നടത്തിവരുന്ന സേവനങ്ങൾ പ്രശംസനീയമാണെന്നും തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി. സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച എൻഎസ്എസ് കോർഡിനേറ്റർമാരെയും വോളണ്ടിയർമാരെയും ചടങ്ങിൽ അനുമോദിച്ചു. ഹയർ സെക്കൻഡറി വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
എം. നൗഷാദ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, ഹയർ സെക്കന്ററി വിഭാഗം ജോ. ഡയറക്ടർ എസ്. ഷാജിത, സുധ, ആർ.എൻ. അൻസർ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഹുസൈൻ, പഞ്ചായത്ത് അംഗം ഷീജ സജീവ് തുടങ്ങിയവർ പങ്കെടുത്തു.