ശോഭനയ്ക്ക് കറവപശുവിനെ സമ്മാനിച്ച് ക്ഷീരവികസന വകുപ്പ്
1494576
Sunday, January 12, 2025 6:14 AM IST
അഞ്ചല്‍: ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി അതിതീവ്ര നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. വിവിധ വകുപ്പുകളുമായി കൈകോര്‍ത്ത് വിവിധ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. പദ്ധതിയുടെ ഭാഗമായി ക്ഷീര വികസന വകുപ്പ് നടപ്പിലാക്കിവരുന്ന പ്രവര്‍ത്തനമാണ് സ്പെഷല്‍ ഡയറി പാക്കേജ്.
പദ്ധതിപ്രകാരം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഗുണഭോക്താവായി തെരഞ്ഞെടുത്തത് കണ്ണങ്കോട് സ്വദേശിനിയായ ശോഭന എന്ന വീട്ടമ്മയെയാണ്. കണ്ണങ്കോട് ക്ഷീരസംഘത്തിന്റെ സഹായത്തോടെ ശോഭനയ്ക്ക് കറവപ്പശുവിനെ വാങ്ങി നല്‍കുകയായിരുന്നു. കാലിത്തൊഴുത്ത് നിര്‍മിച്ചു നല്കുന്നതിനോടൊപ്പം കാലിത്തീറ്റയും കൈമാറി.
പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ, വൈസ് പ്രസിഡന്റ് ജി. പ്രമോദ്, ജില്ലാ പഞ്ചായത്ത് അംഗം സി.അംബികാകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കോമളകുമാര്‍, മായകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. മനീഷ്, ഇ.കെ. സുധീര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മുരളി, ഗീതാകുമാരി, കണ്ണങ്കോട് ക്ഷീരസംഘം പ്രസിഡന്റ് സുനില്‍കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.