പഞ്ചിംഗിൽ കൃത്രിമം: ഓയില്‍ പാം മാനേജര്‍ക്ക് സസ്പെന്ഷന്
1494575
Sunday, January 12, 2025 6:14 AM IST
അഞ്ചല്‍: പഞ്ചിംഗിൽ കൃതൃമം കാണിച്ച ഓയില്‍ പാം ഏരൂര്‍ എസ്റ്റേറ്റ് എൻജിനീയര്‍ വിഭാഗം മാനേജര്‍ ആര്.പി. ജയചന്ദ്രനെതിരെ മാനേജ്മെന്റ് നടപടി എടുത്തു.ജോലിക്ക് വൈകി എത്തുകയും നേരത്തേ മടങ്ങുകയും ചെയ്തിട്ടും കൃത്യമായ ഹാജരും ശന്പളവും ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.
ജോലി കഴിഞ്ഞു മടങ്ങുന്നത് എല്ലാവരെയുംകാള്‍ മുമ്പേ. പക്ഷേ കൃത്യമായ ശമ്പളം വരും. സംശയം തോന്നി അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനേജര്‍ അറിയാതെ നിരീക്ഷിക്കുകയും പ്രാഥമികമായി ക്രമേക്കേട് കണ്ടെത്തുകയുമായിരുന്നു.
ബയോമെട്രിക് പഞ്ചിംഗ് സംവിധമാണ് ഓയില്‍ പാം ഓഫീസുകളില്‍ ഉള്ളത്.
ഏരൂര്‍ എൻജിനീയറിംഗ് വിഭാഗം ഓഫീസില്‍ ജീവനക്കാര്‍ക്ക് കോഡ് ഉപയോഗിച്ച് പഞ്ചിംഗ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത് മേലധികാരിയായ മാനേജര്‍ ജയചന്ദ്രനായിരുന്നു. ഈ സൗകര്യം ഉപയോഗിച്ച് തന്റെ ഐഡി കോഡും താല്‍ക്കാലിക ജീവനക്കാരന്റെ വിരലടയാളവും രേഖപ്പെടുത്തുകയായിരുന്നു മാനേജര്‍ ചെയ്തത്. ജയചന്ദ്രന് പകരം ഈ താല്‍ക്കാലിക ജീവനക്കാരാണ് കൃത്യമായി പഞ്ചിംഗ് ചെയ്തുവന്നത്. ഇയാള്‍ക്കെതിരെയും നടപടി ഉണ്ടാകും.
അന്വേഷണം ആരംഭിച്ചെന്നും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ നടപടികളിലേക്ക് പോകുമെന്നും അറിയുന്നു. ഏരൂര്‍ ഓഫീസിലെ പഞ്ചിംഗ് മെഷീന് സീല്‍ ചെയ്തു കൂടുതല്‍ പരിശോധനയ്ക്കായ് കോട്ടയത്തെ ഹെഡ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.
കൂടുതല്‍ ഓഫീസുകളില്‍ ഇത്തരത്തില്‍ സൗകര്യം നല്‍കിട്ടുണ്ടോ എന്നതടക്കം അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. എല്ലാ ഓഫീസുകളിലും നിരീക്ഷണം ശക്തമാക്കാനും ഓയില്‍പാം അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.