തെരുവിൽ അലഞ്ഞ സഹപാഠിക്ക് സുഹൃത്തുക്കള്‍ ഗാന്ധിഭവനില്‍ തണലൊരുക്കി
1494884
Monday, January 13, 2025 6:17 AM IST
പത്തനാപുരം: ബന്ധുക്കളുടെ വേർപാടിൽ മാനസികനില തെറ്റി തെരുവില്‍ അലഞ്ഞ സഹപാഠിയെ ഗാന്ധിഭവനിലെത്തിച്ച് സുഹൃത്തുക്കള്‍. തിരുവനന്തപുരം കടയ്ക്കാവൂര്‍ കൂട്ടുമണ്വിളാകം വീട്ടില്‍ എസ്. ഉദയപ്രകാശിനെയാണ് ഗാന്ധി ഭവനിലെത്തിച്ചത്.
കുട്ടിക്കാലത്ത് അച്ഛന് നഷ്ടപ്പെട്ട ഉദയപ്രകാശിന് അമ്മ സുമുഖിയും മാതൃസഹോദരി സരോജവുമായിരുന്നു എല്ലാം. പത്താം ക്ലാസ്സില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസായ ഉദയപ്രകാശ് പ്രീഡിഗ്രിക്ക് ശേഷം ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും ശ്രദ്ധ പുലര്‍ത്തി. പിന്നീട് ബംഗളൂരിൽ മികച്ച പ്രതിഫലത്തിൽ ജോലിയിൽ പ്രവേശിച്ചു.
കോവിഡ് കാലത്ത് അമ്മ സുമുഖിയും മാതൃസഹോദരി സരോജവും മരണത്തിന് കീഴടങ്ങി. മാനസികമായി തകര്‍ന്ന ഉദയപ്രകാശ് അലഞ്ഞുതിരിഞ്ഞ് നടക്കാന്‍ തുടങ്ങി.
സഹപാഠിയുടെ അവസ്ഥയറിഞ്ഞെത്തിയ കൂട്ടുകാർ, താടിയും മുടിയും നീട്ടിവളര്‍ത്തി മുഷിഞ്ഞ വസ്ത്രം ധരിച്ചുനിന്ന ഉദയപ്രകാശിനെയാണ് കണ്ടത്. ഓടിയകലാന്‍ ശ്രമിച്ചെങ്കിലും സുഹൃത്തുക്കളുടെ സ്നേഹം കലര്‍ന്ന പെരുമാറ്റത്തില്‍ അദ്ദേഹം നിശബ്ദനായി നിന്നു.
തുടർന്ന് കടയ്ക്കാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീലയെ വിവരമറിയിച്ചു. വിഷയം പുനലൂര്‍ സോമരാജന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഒറ്റപ്പെട്ട ജീവിതം നയിച്ചുവന്ന ഉദയപ്രകാശ് ഗാന്ധിഭവന് കുടുംബത്തിലെത്തിയതോടെ പാടേ മാറി. ഇന്ന് ഗാന്ധിഭവന് കുടുംബത്തില്‍ ഏവര്‍ക്കും പ്രിയങ്കരനായി മാറിയിരിക്കുകയാണ് ഉദയപ്രകാശ്.
കോലയ ഗവ. സ്കൂളില്‍ ഒന്നു മുതല്‍ പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ച എം. അജിത്ത്, പ്രവാസികളായ ഹരികുമാര്‍, ബിനു തുളസി, ഡി. സുരേഷ്ബാബു, വീട്ടമ്മമാരായ ഗ്രീഷ്മ, അജിത എന്നിവരുടെ സംഘമാണ് ഗാന്ധി ഭവനിലെത്തിച്ചത്.