സാന്ത്വന പരിചരണം; പദ്ധതിയുമായി ചവറ ബ്ലോക്ക് പഞ്ചായത്ത്
1494583
Sunday, January 12, 2025 6:14 AM IST
ചവറ: സാന്ത്വന പരിചരണം സാമൂഹ്യ ഉത്തരവാദിത്തം എന്ന സന്ദേശവുമായി ചവറ ബ്ലോക്ക് പഞ്ചായത്ത് രംഗത്ത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിലെ പാലിയേറ്റിവ് രോഗികൾക്കും ഡയാലിസിസ് രോഗികളായ 165 പേർക്ക് സൗജന്യമായി ഇഞ്ചക്ഷൻ മരുന്ന് നൽകുന്ന പ്രവർത്തനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ പദ്ധതി ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, വൈസ് പ്രസിഡന്റ് സോഫിയാ സലാം എന്നിവര്‍ പറഞ്ഞു.
പരിശീലനം പൂർത്തിയാക്കിയ എൻഎച്ച്എം അംഗങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങൾ, സ്വകാര്യ സംരംഭകർ എന്നിവരുമായി സഹകരിച്ചാണ് പ്രവർത്തനം. ചവറ സിഎച്ച്സി കേന്ദ്രമാക്കി പാലിയേറ്റീവ് കെയർ ട്രീറ്റ്മെന്റ് സപ്പോർട്ട് യൂണിറ്റിന്റെ ഉദ്ഘാടനം 13 ന് രാവിലെ ഒന്‍പതിന് ഡോ. സുജിത് വിജയൻ പിള്ള എംഎല്‍എയും സാന്ത്വന സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം മുന്‍ മന്ത്രി ഷിബു ബേബി ജോണും നിര്‍വഹിക്കും.
ഡിഎംഒ ഡോ. അനിത, ഡോ. ശ്രീകുമാർ തുടങ്ങിയവര്‍ പങ്കെടുക്കും. സ്ഥിരം സമിതി അധ്യക്ഷൻ മാരായ ജോസ് വിമൽരാജ്, എം. പ്രസന്നൻ ഉണ്ണിത്താൻ, നിഷാ സുനീഷ് എന്നിവര്‍ പരിപാടികൾ വിശദീകരിച്ചു.