ആർഎസ്പി ജില്ലാ നേതൃത്വ ക്യാമ്പ് തെന്മലയിൽ
1494894
Monday, January 13, 2025 6:29 AM IST
കൊല്ലം: ആർഎസ്പി കൊല്ലം ജില്ലാ നേതൃത്വ ക്യാമ്പ് ഫെബ്രുവരി എട്ട്, ഒന്പത് തീയതികളിലായി തെന്മലയിൽ നടത്താൻ ആർഎസ്പി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. എട്ടിന് രാവിലെ ഒന്പതിന് പതാക ഉയർത്തുന്നതോടെ ക്യാമ്പ് ആരംഭിക്കും. ഒന്പതിന് വൈകുന്നേരം അഞ്ചിന് ക്യാമ്പ് സമാപിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടി സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾക്കും ക്യാമ്പ് രൂപം നൽകും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എ.എ.അസീസിന്റെ അധ്യക്ഷതയിൽ കൂടിയ ജില്ലാ എക്സ്ക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രൻഎംപി,
ബാബു ദിവാകരൻ, അഡ്വ. ടി.സി. വിജയൻ, ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, അഡ്വ. ജി. രാജേന്ദ്രപ്രസാദ്, പി. പ്രകാശ് ബാബു, ഇടവനശേരി സുരേന്ദ്രൻ, കെ. സിസിലി എന്നിവർ പ്രസംഗിച്ചു.