യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതികൾ അറസ്റ്റിൽ
1494877
Monday, January 13, 2025 6:17 AM IST
കൊല്ലം: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര കന്നിമേൽചേരി പാവൂർ വീട്ടിൽ ശ്രീകാന്ത് എന്ന ബാലാജി, ശക്തികുളങ്ങര കന്നിമേൽചേരി കുന്പളത്ത് കിഴക്കത്തിൽ വീട്ടിൽ ലെനിൻ എന്ന ബ്ലാക്ക് സന്തോഷ് എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങര സ്വദേശിയായ സജീവിന്റെ കൈയിൽ നിന്ന് പ്രതിയായ ബാലാജി പണം കടം വാങ്ങിയിരുന്നു. പണം തിരികെ കൊടുക്കാതിരുന്നതിനെ തുടർന്ന് ജനുവരി 10 ന് ഇവർ തമ്മിൽ കാവനാട് സാൻ ബാറിൽ വച്ച് തർക്കം ഉണ്ടാവുകയായിരുന്നു. തർക്കത്തെ തുടർന്ന് ബാലാജി സജീവിനെ അസഭ്യം വിളിച്ച് മർദിക്കുകയും ചെയ്തു.
കൂട്ട് പ്രതിയായ ലെനിന്റെ കൈവശമുണ്ടായിരുന്ന വെട്ടു കത്തി വാങ്ങി സജീവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. അക്രമത്തിൽ സജീവിന്റെ തോളിനും മുതുകത്തും തലയിലും ആഴത്തിൽ മുറിവേറ്റു. തുടർന്ന് ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. ശക്തികുളങ്ങര പോലീസ് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടറായ സുരേഷ് കുമാർ, എസ് സിപിഒ വിനോദ്, ബിജുകുമാർ, സിപിഒമാരായ സിദ്ധിഷ്, അജിത്ചന്ദ്രൻ, പ്രവീണ്‍കുമാർ, അനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.