തിന്മകളിൽ നിന്ന് രക്ഷിക്കാൻ യേശുവിന് കഴിയും: ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി
1494887
Monday, January 13, 2025 6:29 AM IST
കൊല്ലം: മനുഷ്യന്റെ കൂടെ വസിക്കുന്ന ദൈവമായ യേശുവിനല്ലാതെ സമാനതകളില്ലാത്ത പ്രശ്നങ്ങളിലൂടെയും തിന്മകളിലൂടെയും കടന്നുപോകുന്ന മനുഷ്യനെ രക്ഷിക്കാനാകില്ലന്ന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി.
ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പ്രസംഗിക്കുകായിരുന്നു അദ്ദേഹം. ‘ദിവ്യകാരുണ്യം ലോകത്തെ രക്ഷിക്കുന്നു എന്ന വാക്യം ഈ കാലഘട്ടത്തിലും പ്രസക്തമാണെന്ന് ബിഷപ് പറഞ്ഞു.
തങ്കശേരി ബിഷപ് പാലസ് ചാപ്പലിൽ നിന്ന് പ്രദക്ഷിണം ആരംഭിച്ച് തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ എത്തിച്ചേർന്നു. പ്രാർഥനകൾക്കുശേഷം ഹോളി ക്രോസ് ദേവാലയത്തിൽ ദിവ്യകാരുണ്യ പ്രദിക്ഷണം എത്തി ചേർന്നു. ദിവ്യ കാരുണ്യത്തെ പുഷ്പാർച്ചനയോടെ വരവേറ്റു.
കത്തീഡ്രൽ പള്ളിയിൽ ഫാ. സെബാസ്റ്റ്യൻ തോബിയാസ് സന്ദേശം നൽകി. വികാരി ജനറാൾ മോൺ.ബൈജു ജൂലിയാൻ, ഫാ. സീയോൺ, ഫാ. ജോസഫ് ജോൺ, ഫാ. ജോൺ ബ്രിട്ടോ, ഫാ. ജോസ് സെബാസ്റ്റ്യൻ, ഫാ. ജോളി ഏബ്രഹാം, ഫാ. ജോൺ പോൾ എന്നിവർ നേതൃത്യം നൽകി.
ദിവ്യബലിയ്ക്ക് ഫാ. ക്രിസ്റ്റഫർ മുഖ്യകാർമികനായിരുന്നു. രൂപതയിലെ വൈദികർ, സന്യസ്തർ, സമുദായ സംഘടന പ്രതിനിധികൾ, അൽമായ, ഭക്തസംഘടനകൾ തുടങ്ങിയവരും തങ്കശേരി, തുയ്യം ഫൊറോനകളിലെ ഇടവകകളിലെയും വിശ്വാസ സമൂഹവും ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്ക് ചേർന്നു.
അവിഭക്ത കൊല്ലം രൂപതയുടെ അഭിമുഖ്യത്തിൽ 1925 ജനുവരിയിൽ ദൈവദാസൻ ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറിന്റെ മെത്രാഭിഷേക രജതജൂബിലിയുടെ ഓർമയ്ക്കായി ദിവ്യകാരുണ്യ ഭക്തിയുടെ ദിവ്യകാരുണ്യ പ്രദക്ഷിണം മുടക്കം കൂടാതെ ഇക്കൊല്ലം 100 വർഷം പിന്നിട്ടു.