തീരത്തെ മണൽ ഖനനനീക്കത്തിൽ നിന്ന് പിൻതിരിയണം എൻ.കെ. പ്രേമചന്ദ്രൻ
1494881
Monday, January 13, 2025 6:17 AM IST
കൊല്ലം: തീരദേശത്തെ മണല്‍ ഖനനത്തിനുളള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് മത്സ്യതൊഴിലാളികളുടെ ഉപജീവനത്തേയും തീരദേശത്തിന്റെ നിലനില്പിനെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഖനനം. തീരദേശ ഖനനത്തിലുണ്ടാകുന്ന പരിസ്ഥിതിയുടെയോ ആവാസ വ്യവസ്ഥയുടെയോ ദോഷ ഫലങ്ങളെ കുറിച്ച് ശാസ്ത്രീയമായ പരിസ്ഥിതി ആഘാത പഠനം നടത്താതെ ടെൻഡര്‍ വിളിക്കാനുളള നടപടി പ്രതിഷേധാര്‍ഹമാണ്.
കടലിനേയും കടല്‍ത്തീരത്തേയും ബാധിക്കുന്ന വിഷയങ്ങളില്‍ മത്സ്യതൊഴിലാളികളുടെ അഭിപ്രായം ആരായാൻ തയാറാകാതെ നയപരമായും ഉദ്യോഗസ്ഥതലത്തിലും ഏകപക്ഷീയമായ തീരുമാനമെടുത്ത് ഖനനം നടപ്പാക്കാനുളള നീക്കം ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാഥമിക പഠനങ്ങള്‍ പോലും നടത്താതെ ഖനന കരാര്‍ നല്‍കിയശേഷം പഠനം നടത്തുമെന്നും പ്രശ്നം പരിഹരിക്കുമെന്നുമുളള നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. അധികാരം ഉപയോഗിച്ച് അടിസ്ഥാന ജനവിഭാഗങ്ങളുടെ ജന്മാവകാശത്തെ ചോദ്യം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.