സർക്കാരിന്റെ കൂടുതൽ ശ്രദ്ധ വിദ്യാഭ്യാസ മേഖലയിൽ: കെ.എൻ. ബാലഗോപാൽ
1494893
Monday, January 13, 2025 6:29 AM IST
കൊല്ലം: സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്നത് വിദ്യാഭ്യാസ മേഖലയിലാണെന്നും കേരളത്തിൽ ആകെ നൽകുന്ന ശമ്പളത്തിൽ 57 ശതമാനവും ഈ രംഗത്താണെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാർ അനുവദിച്ച 1.10 കോടി രൂപ ചെലവിട്ട് തൃക്കണ്ണമംഗൽ ഗവ. എൽപിജി സ്കൂളിന് നിർമിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിന് ഏറ്റവും പ്രാധാന്യം നൽകുന്ന സംസ്ഥാനമായതിനാലാണ് ലോകത്ത് എവിടെ പോയാലും അവിടെ ഒരു മലയാളിയുണ്ടാകുന്നത്. എല്ലാം കൂടുതൽ മെച്ചപ്പെടുത്തി നടത്തിക്കൊണ്ടുപോകാൻ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നഗരസഭ ചെയർമാൻ എസ്.ആർ. രമേശ് അധ്യക്ഷത വഹിച്ചു. പിഡബ്ലുഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജ്യോതീന്ദ്രനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ വനജ രാജീവ്, നഗരസഭ സ്ഥിരസമിതി അധ്യക്ഷർ, കൗൺസിലർമാർ, സെക്രട്ടറി ആർ. മണികണ്ഠൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ. ബിന്ദു, പ്രധാനാധ്യാപിക കെ. മിനി, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.