നവോഥാന സന്ദേശ യാത്രയിലൂടെ ആശാൻ പുനർജനിക്കുന്നു: ഡോ. പി.ആർ. ജയശീലൻ
1494876
Monday, January 13, 2025 6:17 AM IST
പാരിപ്പള്ളി: നവോഥാന സന്ദേശ യാത്രയിലൂടെ മഹാകവി കുമാരനാശാൻ ഈ സമൂഹത്തിൽ പുനർജനിക്കുന്നതായി ഡോ.പി.ആർ. ജയശീലൻ. മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദി ആചരണ സമിതി നടത്തി വരുന്ന നവോഥാന സന്ദേശ യാത്രയ്ക്ക് പാരിപ്പള്ളി ഗണേഷ് മെമ്മോറിയൽ ഗ്രന്ഥശാലയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുല്യതയുടെയും നീതിബോധത്തിന്റെയും കവിയായ ആശാൻ രചിച്ചത് കൃത്യമായി രാഷ്ട്രീയം നിർണയിക്കുന്ന കവിതകളാണ്. സാഹിത്യത്തിലൂടെ അദ്ദേഹം സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനതക്കായി സ്വാതന്ത്ര്യത്തിന്റെ അനന്തമായ ആകാശം തീർത്തു.
ക്ഷേത്രങ്ങളിൽ ഷർട്ട് ഊരി കയറണോ ഷർട്ടിട്ടു കയറണോ എന്ന് ചർച്ച ചെയ്യുന്ന സ്ഥിതിയിലാണ് ഇന്നും കേരളം. എന്നാൽ ഒരു നൂറ്റാണ്ട് മുമ്പ് ജാതിക്കും മതാചാരങ്ങൾക്കും എതിരായി അദ്ദേഹം മാനുഷികമൂല്യങ്ങൾ ഉദ്ഘോഷിച്ചു. സ്ത്രീകൾക്ക് മാത്രമായുള്ള വ്യക്തിത്വവും നിലപാടുമുണ്ടെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. ദുരവസ്ഥയിലൂടെ ഇന്ത്യൻ സാമൂഹ്യ ജീവിതമാണ് ആശാൻ ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കവി ബാബു പാക്കനാർ അധ്യക്ഷത വഹിച്ചു. ബാനർ സാംസ്കാരിക സമിതി സംസ്ഥാന കമ്മിറ്റിയംഗം ഇ.വി. പ്രകാശ് വിഷയാവരണം നടത്തി. ഡോ. അശോക് ശങ്കർ, എഴുത്തുകാരൻ സുനിൽ വെട്ടിയറ, കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമിതി സംസ്ഥാന കൺവീനർ പ്രഫ. കെ.പി. സജി, ബാനർ സാംസ്ക്കാരിക സമിതി സംസ്ഥാന കൺവീനർ കെ.കെ. സുരേന്ദ്രൻ,
ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. എസ്.ആർ. അനിൽകുമാർ, ഡോ. പ്രിയ സുനിൽ എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ ആശാൻ കവിത ആലാപനവും നടന്നു.