കൊല്ലം-ചെങ്കോട്ട പാത ഇരട്ടിപ്പിക്കണം: കൊടിക്കുന്നിൽ
1461440
Wednesday, October 16, 2024 5:24 AM IST
കൊല്ലം: കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ ഇരട്ടപ്പാത അനുവദിച്ച് നിർമാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു.
കൊല്ലം മുതൽ ചെങ്കോട്ട വരെയുള്ള ഒറ്റവരി പാതയിലൂടെയാണ് സർവീസ് നടത്തുന്നത്. ഇത് യാത്രക്കാർക്ക് നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഈ മേഖലയിലെ യാത്രാസൗകര്യം മെച്ചപ്പെടുത്താൻ പാത ഇരട്ടിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
രണ്ട് ഘട്ടങ്ങളിൽ നിർമാണം
പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ കൊല്ലം മുതൽ പുനലൂർ വരെയും, രണ്ടാം ഘട്ടത്തിൽ പുനലൂർ മുതൽ ചെങ്കോട്ട വരെയും ഇരട്ടപ്പാത നിർമാണം നടപ്പാക്കണമെന്ന് എംപി നിർദേശിച്ചു.
ഇരട്ടപ്പാത നിർമാണം പൂർത്തിയാവുന്നതോടെ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്താൻ കഴിയും. യാത്രാസൗകര്യം ഗണ്യമായി മെച്ചപ്പെടുകയും ചെയ്യും.
നിലവിൽ ഒറ്റവരി പാതയിലുള്ള പരിമിതികൾ കാരണം പുതിയതായി കൂടുതൽ ട്രെയിനുകൾ ഓടിക്കാനോ ക്രോസിംഗ് ഇല്ലാതെ ട്രെയിനുകൾ കടന്നു പോകാനോ സാധിക്കുന്നില്ല.
ഇരട്ടപ്പാത നിർമാണം പൂർത്തിയായാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാകും. ഇത് പ്രാദേശിക ജനതക്ക് ഗുണകരമാകും.
ഇരട്ടപ്പാത നടപ്പിലാകുന്നതോടെ സ്ഥലവികസനം, ഗതാഗത സൗകര്യങ്ങളുടെ വിപുലീകരണം, വ്യാപാര-വാണിജ്യ മേഖലകളിൽ പ്രചോദനം തുടങ്ങി പല മേഖലകളിലും വികസന സാധ്യതകൾ ഉണ്ടാകും.
അതോടൊപ്പം കൊല്ലം റെയിൽവേ സ്റ്റേഷനിലെ മെമു ഷെഡിന്റെ വികസന പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണം.
അധികമായി പിറ്റ് ലൈനുകൾ സ്ഥാപിച്ച് കൂടുതൽ ട്രെയിൻ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി മന്ത്രിയോട് അഭ്യർഥിച്ചു.