വിദ്യാർഥിയെ കരമനയാറ്റിൽ കാണാതായി
1461433
Wednesday, October 16, 2024 5:24 AM IST
പേരൂര്‍ക്കട: കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കുലശേഖരം ശിവജി നഗര്‍ സ്വദേശി സജിത്തിന്റെ മകന് അഭിന്‍ (15) ആണ് ഒഴുക്കില്‍പ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചോടുകൂടിയാണ് ഒരു സുഹൃത്തുമൊത്ത് അഭിന്‍ കുലശേഖരം പുതിയ പാലത്തിനു സമീപം കരമനയാര്‍ ഒഴുകുന്ന കടവില്‍ കുളിക്കാനിറങ്ങിയത്.
ആറ്റിലേക്കിറങ്ങുന്നതിനിടെ അഭിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നിലവിളികേട്ട് എത്തിയവരാണു വിവരം പോലീസിലും ഫയര്‍ഫോഴ്സിലും അറിയിച്ചത്. ഫയര്സ്റ്റേഷന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഷാജിഖാന്റെ നേതൃത്വത്തിലുള്ള സംഘം തെകണ്ടെത്താനായില്ല.
പേരൂര്‍ക്കട കേന്ദ്രീയ വിദ്യാലയത്തിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിന്‍. തെരച്ചില്‍ ഇന്നു പുനഃരാരംഭിക്കും. വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തു.