അവശനിലയിലായ വയോധികയെ ആശ്രയ സങ്കേതം ഏറ്റെടുത്തു
1461121
Tuesday, October 15, 2024 12:58 AM IST
കൊട്ടാരക്കര: അവശനിലയിൽ കഴിഞ്ഞ വയോധികയെ കലയപുരം ആശ്രയ സങ്കേതം ഏറ്റെടുത്തു. തമിഴ്നാട് തിരുനെൽവേലി സ്വദേശിനിയായ ജ്ഞാനപുഷ്പമ്മാളിനെയാണ് (58) ആശ്രയ ഏറ്റെടുത്തത്. 30 വർഷം മുന്പ് ഭർത്താവിനും ഏകമകളോടുമൊപ്പമാണ് ഇവർ കേരളത്തിലെത്തിയത്. ആക്രി പെറുക്കി വിറ്റായിരുന്നു കഴിഞ്ഞിരുന്നത്. മകളെ വിവാഹം കഴിപ്പിച്ചയച്ചു. എന്നാൽ ഭർത്താവും മകളും ഏറെ കഴിയും മുമ്പ് മരിച്ചു.
ജീവിതത്തിൽ തനിച്ചായതോടെ ശാരീരിക വിഷമങ്ങളോടൊപ്പം മാനസിക ബുദ്ധിമുട്ടുകളും ഇവർക്കുണ്ടായി. ജോലിക്ക് പോകാൻ കഴിയാതോടെ ഭക്ഷണത്തിനും ബുദ്ധിമുട്ടായി.
ഇവരുടെ ദയനീയാവസ്ഥ മനസിലാക്കി കൊട്ടാരക്കര, പടിഞ്ഞാറ്റിൻക്കര സ്വദേശിനിയായ ശാന്തമ്മയും വെഹിക്കിൾ ഇൻസ്പെക്ടറായ മകൾ മഞ്ജുവും അവരുടെ വീട്ടിൽ പുഷ്പമ്മാളിനെ താമസിപ്പിക്കുകയും പരിചരണങ്ങൾ നൽകി വരികയുമായിരുന്നു.
ജ്ഞാനപുഷ്പമ്മാളുടെ ഇരുവൃക്കകളും തകരാറിലായതോടെ ജീവിതം കൂടുതൽ ദുസഹമായി. ഇവരെക്കുറിച്ചുള്ള വിവരം ആശ്രയയിൽ അറിയിച്ചതിനെ തുടർന്ന് ജനറൽ സെക്രട്ടറി കലയപുരം ജോസിന്റെ നേതൃത്വത്തിൽ ജ്ഞാനപുഷ്പമ്മാളിനെ ഏറ്റെടുക്കുകയായിരുന്നു.
തുടർന്ന് അടിയന്തര ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.