കുരങ്ങ് ശല്യം രൂക്ഷം : തച്ചന്‍കോണത്ത് നൂറിലേറെ വാഴകൾ നശിപ്പിച്ചു
1460506
Friday, October 11, 2024 5:53 AM IST
അഞ്ചല്‍: കുളത്തൂപ്പുഴ പഞ്ചായത്തിലെ പതിനൊന്നാം മൈല്‍ തച്ചന്‍കോണം പ്രദേശത്ത് കുരങ്ങ് ശല്യം മൂലം കർഷകർ ബുദ്ധിമുട്ടുന്നു. വിളവെടുപ്പിന് പാകമായ വാഴകള്‍, വാഴക്കുലകള്‍ എന്നിവയാണ് വന്‍ തോതില്‍ നശിപ്പിക്കുന്നത്. കുലകള്‍ പടലയോടെയും തൈകള്‍ വാഴത്തടയോടെയും നശിപ്പിക്കുന്നു. വായ്പയെടുത്തും, കടം വാങ്ങിയും കൃഷി ചെയ്യുന്ന കര്‍ഷകര്‍ വലിയ സാന്പത്തിക നഷ്ടത്തിലാണ്.
തച്ചന്‍കോണം ഭാഗത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തുടരുന്ന കുരങ്ങ് ശല്യത്താല്‍ നൂറിലധികം വാഴകള്‍ നശിച്ചു. കാട്ടാനയും പന്നിയും ഇറങ്ങാതിരിക്കാന്‍ വേലി നിര്‍മിച്ചും കാവലിരുന്നും താല്‍ക്കാലിക സംരക്ഷണം ഒരുക്കിയാണ് കൃഷി സംരക്ഷിക്കുന്നത്.
എന്നാൽ നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന കുരങ്ങുകളെ എങ്ങനെ തുരത്തുമെന്ന് കര്‍ഷകര്‍ ചോദിക്കുന്നു. വിളനാശം തുടർന്നാൽ കൃഷിയിറക്കാന്‍ കഴിയില്ലെന്നും ഇങ്ങനെ പോയാല്‍ ജീവിതം വഴിമുട്ടുമെന്നും കര്‍ഷകര്‍ പറയുന്നു.
രണ്ടു ദിവസം മുമ്പ് അമ്പതേക്കറില്‍ ഇറങ്ങിയ കാട്ടുപന്നികള്‍ ശോഭന എന്ന കര്‍ഷകയുടെ വാഴ, മരച്ചീനി, ചേമ്പ്, കുരുമുളക് ഉള്‍പ്പടെ ഒരേക്കർ സ്ഥലത്തെ കൃഷി വിളകള്‍ പൂര്‍ണമായി നശിപ്പിച്ചു. രണ്ട് പതിറ്റാണ്ടായി കാര്‍ഷിക മേഖലയില്‍ സജീവമായ തനിക്ക് ഇത്തരത്തില്‍ ഒരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ലെന്നും അത്രയ്ക്ക് രൂക്ഷമാണ് വന്യമൃഗ ശല്യമെന്നും ശോഭന ദീപികയോട് പറഞ്ഞു.
വന്യജീവി ശല്യംമൂലം കൃഷിനാശം നേരിടുകയാണ്. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, മയില്‍ തുടങ്ങിയ കാട്ടിലെ ജീവികള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിനാൽ കിഴക്കന്‍ മലയോര മേഖലയിലെ കര്‍ഷകര്‍ വർഷങ്ങളായി ബുദ്ധിമുട്ടിലാണ്.
പുതിയ ശല്യക്കാരായി കുരങ്ങുകൾ കൃഷി നശിപ്പിക്കാനെത്തിയതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കർഷകർ. നാട്ടിലിറങ്ങിയ കാട്ടുകുരങ്ങുകളെ കെണിവച്ച് പിടികൂടി വനത്തിലേക്കു വിടാൻ വനം വകുപ്പ് പദ്ധതി തയാറാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഇതിലേക്കായി വനം മന്ത്രി ഇടപെടണമെന്നും കർഷകർ ആവശ്യപ്പെട്ടു.