മെമുവിന്റെ സ്വീകരണത്തിനിടെ പ്രേമചന്ദ്രനെതിരേ പ്രതിഷേധം
1459696
Tuesday, October 8, 2024 7:12 AM IST
കൊല്ലം: കൊല്ലം- എറണാകുളം മെമു ട്രെയിനിന് പെരിനാട് റെയിൽവേ സ്റ്റേഷനില്‍ നല്കിയ സ്വീകരണത്തില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപിക്കെതിരേ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. മെമു ട്രെയിനിന് സ്വീകരണം നല്‍കാനെത്തിയ പ്രവര്‍ത്തകരാണ് പ്രകോപനപരമായ മുദ്രാവാക്യവും കൂക്കിവിളിയുമായി പ്രതിഷേധിച്ചത്. എംപിയ്ക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്കുമ്പോള് പ്രേമചന്ദ്രന് ഗോ ബാക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. അഞ്ചാലുംമൂട് പോലീസ് എത്തി പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ കൂട്ടാക്കിയില്ല.
പ്രേമചന്ദ്രന് എംപി ഇടപ്പെട്ടാണ് മെമുവിന് സ്റ്റോപ്പ് അനുവദിച്ചതെന്ന യുഡിഎഫിന്റെ വാദത്തെ ബിജെപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എംപിക്ക് യാതൊരു ബന്ധവുമില്ലെന്നും ട്രെയിന്‍ ആരംഭിച്ചത് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരാണെന്നും പെരിനാട് സ്റ്റോപ്പ് അനുവദിച്ചത് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഇടപെട്ടാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
മെമുവിന്റെ കന്നിയാത്രയില്‍ കൊല്ലത്ത് നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും ഉണ്ടായിരുന്നെങ്കിലും കൊടിക്കുന്നിലിനെതിരേ കാര്യമായ പ്രതിഷേധം ഉണ്ടായതുമില്ല. ഇരു എംപിമാരും എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
യുഡിഎഫ് പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ സംസാരിക്കവേ പ്രേമചന്ദ്രൻ പ്രതിഷേധക്കാർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകുകയും ചെയ്തു.വണ്ടിക്ക് സ്റ്റോപ്പ് അനുവദിച്ചതിൽ എംപിയെ അഭിനന്ദിച്ച് യുഡിഎഫ് പ്രവർത്തകർ സ്ഥാപിച്ച ഫ്ലക്സുകൾ പ്രതിഷേധക്കാർ നശിപ്പിക്കുകയുമുണ്ടായി. ഈ സംഭവത്തിൽ യുഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് അഞ്ചാലുംമൂട് പോലീസ് അറിയിച്ചു.