ക്ഷേത്രത്തിൽ മോഷണം; പ്രതി പിടിയിൽ
1458030
Tuesday, October 1, 2024 6:43 AM IST
കൊല്ലം: ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ചവറ കുളങ്ങര ഭാഗം രാജേഷ് ഭവനിൽ അരുണ്‍ എന്ന സുനിൽകുമാർ (24) ആണ് ചവറ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ മടപ്പള്ളിയിലുള്ള കാവനാൽ ദേവീ ക്ഷേത്രത്തിൽ ഇയാൾ അതിക്രമിച്ച് കയറി 7000 രൂപയോളം വിലയുള്ള വിളക്കുകളും മറ്റും മോഷ്ടിച്ചെടുക്കുകയായിരുന്നു. മോഷണം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇയാളെ നാട്ടുകാർ തടഞ്ഞ് വച്ചശേഷം ചവറ പോലീസിന് കൈമാറി.
പോലീസ് സംഘം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് തൊണ്ടി മുതലുകൾ കണ്ടെടുത്തു. കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, ഇരവിപുരം, ചവറ എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സമാനമായ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാൾ.
ചവറ ഇൻസ്പെക്ടർ ബിജു കെ.ആർ ന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷാജി ഗണേശൻ, ഓമനക്കുട്ടൻ, എഎസ്ഐ മിനി മോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.