ശബരിമല ഇടത്താവളങ്ങളിൽ കൂടുതൽ സൗകര്യമൊരുക്കും
1458028
Tuesday, October 1, 2024 6:43 AM IST
പുനലൂർ: നിയോജകമണ്ഡലത്തിൽ പുനലൂർ ഉൾപ്പെടെയുള്ള ശബരിമല ഇടത്താവളങ്ങളിൽ കൂടുതൽ സൗകര്യം ഒരുക്കാൻ തീരുമാനമായി. പി.എസ്.സുപാൽ എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡംഗങ്ങളായ ജി.സുന്ദരേശൻ, എ.അജികുമാർ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പുനലൂരിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
നവംബർ 16 -ന് മണ്ഡലകാലം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ഇടത്താവളങ്ങളിൽ തീർഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് ദേവസ്വം ബോർഡ് അധികൃതർ യോഗത്തിൽ അറിയിച്ചു. ആര്യങ്കാവിലും കുളത്തൂപ്പുഴയിലും ശൗചാലയങ്ങൾക്കായി പുതിയ സെപ്റ്റിക് ടാങ്ക് നിർമിച്ചു കഴിഞ്ഞു. അച്ചൻകോവിലിൽ ശൗചാലയങ്ങളുടേയും സെപ്റ്റിക് ടാങ്കിന്റേയും നിർമാണത്തിന് കരാർ നൽകി.
പുനലൂരിലെ ഇടത്താവളമായ നെല്ലിപ്പള്ളി കൈപ്പുഴ മഹാദേവർ ക്ഷേത്രത്തിൽ തീർഥാടകർക്ക് വിരിവയ്ക്കാനായി പന്തൽ നിർമിക്കും. ഇതിനായി 18.17 ലക്ഷം രൂപയുടെ അടങ്കൽ ദേവസ്വം ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. കുടിവെള്ളം, ശൗചാലയം എന്നിവയൊരുക്കാൻ 3.75 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് കരാർ നൽകി. ഇതിനുപുറമേ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ആറുലക്ഷം രൂപയുടെ അടങ്കൽ കൂടി സമർപ്പിച്ചിട്ടുണ്ട്. ഇടത്താവളങ്ങളിലെ ശൗചാലയങ്ങളുടെയും മറ്റും വാർഷിക അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള അടങ്കൽ തയാറാവുന്നു. മണ്ഡലകാലത്തിനു മുൻപ് തന്നെ ജോലികൾ പൂർത്തിയാക്കുമെന്നും അധികൃതർ വിശദീകരിച്ചു.
തിരക്കുള്ള എല്ലായിടത്തും ഗതാഗതം നിയന്ത്രിക്കാൻ സ്പെഷൽ പോലീസിനെ നിയോഗിക്കും. അനധികൃത പാർക്കിംഗ് നിയന്ത്രിക്കും. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട്ട് ഒന്നരമാസം മുമ്പ് വശമിടിഞ്ഞ ഭാഗത്ത് പ്രത്യേക സുരക്ഷാ സംവിധാനമൊരുക്കും. ഹോട്ടലുകളിലും കടകളിലും തീർഥാടകരിൽ നിന്നും അമിത വില ഈടാക്കുന്നത് തടയും.
പുനലൂരിൽ നഗരസഭ താൽക്കാലിക കടകൾക്ക് ലൈസൻസ് നൽകുമ്പോൾ അത് യാതൊരു തരത്തിലും ഗതാഗതത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ദേവസ്വം ബോർഡ് അംഗം ജി. സുന്ദരേശൻ പറഞ്ഞു. ലൈസൻസ് നൽകുന്നത് നഗരസഭയും പോലീസുമായി ആലോചിച്ച് വേണമെന്നും അദ്ദേഹം പറഞ്ഞു.
കടകൾ റോഡിലേക്ക് ഇറക്കിവയ്ക്കുന്നത് കർശനമായി തടയണം. വലിയ കടകളുടെ മുൻഭാഗം നഗരസഭയുടെ അറിവില്ലാതെ അനധികൃതമായി വാടകയ്ക്ക് നൽകുന്ന പ്രവണത നിയന്ത്രിക്കണം. പുനലൂർ നഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഗതാഗതക്കുരുക്കാണ്. പുനലൂരിൽ ഉണ്ടാകുന്ന ഗതാഗത സ്തംഭനം കൊട്ടാരക്കരയിൽ വരെ പ്രതിഫലിക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൃത്തിയും പ്രവർത്തനക്ഷമതയുമുള്ള മികച്ച ബസുകൾ വേണം മണ്ഡലകാലത്ത് സർവീസ് നടത്താനെന്ന് കെഎസ്ആർടിസി അധികൃതരോട് അദ്ദേഹം നിർദേശിച്ചു.
വകുപ്പുകളുടെ നടപടികൾ ഏകോപിപ്പിക്കാൻ പുനലൂർ ആർഡിഒ ജി. സുരേഷ് ബാബുവിനെ യോഗം ചുമതലപ്പെടുത്തി. ദേശീയപാതയിൽ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന പുനലൂർ ടിബി ജംഗ്ഷനിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ എംഎൽഎ നിർദേശിച്ചു. വാളക്കോട് പാലത്തിൽ പോലീസ് സാന്നിധ്യം ഉണ്ടാകണമെന്നും എംഎൽഎ നിർദേശം നൽകി. അവലോകന യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കളക്ടർക്ക് കൈമാറുമെന്ന് എംഎൽഎ പറഞ്ഞു.
പുനലൂർ നഗരസഭാ വൈസ് ചെയർമാൻ രഞ്ജിത് രാധാകൃഷ്ണൻ, മറ്റു ജനപ്രതിനിധികൾ, ആർഡിഒ ജി. സുരേഷ്ബാബു പുനലൂർ തഹസിൽദാർ അജിത് ജോയി, പുനലൂർ ഡിവൈഎസ്പി. വി.എസ്.പ്രദീപ് കുമാർ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.