വീട്ടമ്മയെ കാർ കയറ്റി കൊന്ന കേസ്; ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം
1458027
Tuesday, October 1, 2024 6:43 AM IST
കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി നെയ്യാറ്റിങ്കര വഴുതൂര്‍ അനുപമം വീട്ടില്‍ ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം.
കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ശ്രീക്കുട്ടിക്കെതിരേ നരഹത്യാ കുറ്റം നിലനില്‍ക്കുന്നതല്ലെന്നും കാറിന്റെ പിന്‍സീറ്റിലിരുന്ന ഇവര്‍ കൊലപാതകത്തില്‍ ഒരു തരത്തിലുമുള്ള പ്രേരണയും ചെയ്തിട്ടില്ലെന്നും ഒന്നാം പ്രതി മുഹമ്മദ് അജ്മല്‍ സ്വയം കാര്‍ മുന്നോട്ട് എടുത്തതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.
കൂടാതെ എഫ്ഐആറില്‍ ശ്രീക്കുട്ടിയെ പ്രതിയായി ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ശ്രീക്കുട്ടിയെ പ്രതിയാക്കിയത്. കാര്‍ തട്ടി യുവതി വീണശേഷം കാര്‍ എടുത്തുകൊണ്ടുപോകാന്‍ ശ്രീക്കുട്ടി പ്രേരണചെയ്തെന്നുള്ള സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നും കോടതി വിലയിരുത്തി. ഇതുവരെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതും ശ്രീക്കുട്ടിക്ക് അനുകൂലമായി.
ശ്രീക്കുട്ടി മദ്യലഹരിയിലായിരുന്നെന്നും പ്രേരണ കുറ്റവും നരഹത്യയും നിലനില്‍ക്കുന്നതാണെന്നുമുള്ള പ്രോസിക്യൂഷന് വാദം കോടതി തള്ളി. ശ്രീക്കുട്ടിക്ക് ജാമ്യം നല്കിയാല് തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതികളുടെ പരസ്പര വിരുദ്ധ മൊഴിയും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു.
സെപ്റ്റംബര്‍ 15-നാണ് സ്കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോള്‍ അപകടത്തെത്തുടര്‍ന്ന് റോഡില്‍ തെറിച്ചുവീണ് കാര്‍ കയറി മരിക്കുന്നത്.
കരുനാഗപ്പള്ളി സ്വദേശി അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്ന ശ്രീക്കുട്ടിയും സഞ്ചരിച്ച കാര്‍ കുഞ്ഞുമോളും ബന്ധുവും സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ വീണുകിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി. കാറോടിച്ച ഒന്നാം പ്രതി അജ്മലിനെതിരെ മനഃപൂര്‍വമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയത്.
കാറിന്റെ പിന്‍സീറ്റിലായിരുന്നു രണ്ടാം പ്രതി ശ്രീക്കുട്ടി. ശ്രീക്കുട്ടിയുടെ പ്രേരണയിലാണ് അജ്മല്‍ കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയത്.
ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിഭാഗം ജില്ലാ സെഷന് കോടതിയെ സമീപിക്കുകയായിരുന്നു. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ ഒന്നാം പ്രതി അജ്മല്‍ ഉടന്‍ ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കും.