അടൽ ടിങ്കറിംഗ് ലാബ്സ് മാരത്തൺ വിജയികൾക്ക് അമൃതയിൽ ആദരം
1458022
Tuesday, October 1, 2024 6:43 AM IST
കൊല്ലം: കേന്ദ്രസർക്കാരിന് കീഴിലുള്ള നീതി ആയോഗിന്റെ അടൽ ഇന്നവേഷൻ മിഷൻ നടത്തിയ അടൽ ടിങ്കറിംഗ് ലാബ്സ് മാരത്തണിൽ വിജയികളായവർക്ക് അമൃതവിദ്യാലയത്തിന്റെ ആദരം.
അടൽ ടിങ്കറിംഗ് ലാബ്സ് മാരത്തണിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ദേശീയതലത്തിൽ എട്ടാം സ്ഥാനവും നേടിയ മാസ്റ്റർ ബ്രെയിൻ ടീമംഗങ്ങളായ പുതിയകാവ് അമൃതവിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ നിവേദ് ആർ. പ്രവീൺ, ബി.വിനായക്, എസ്.ആകാശ് എന്നീ വിദ്യാർഥികൾക്കും സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിന്റെ ചുമതലയുള്ള അധ്യാപിക ദീപിക, എടിഎൽ മെന്റർ പ്രഭു വിഘ്നേഷ് എന്നിവർക്കും അഡോളസെൻസേഷ്യോ വെബ്സൈറ്റ് വികസിപ്പിച്ചതിന് ദേശീയ അംഗീകാരം നേടിയ ഭവ്യശ്രീ സുരവജാലയ്ക്കുമാണ് വിദ്യാർഥികളും അധ്യാപകരും മാനേജ്മെന്റും ചേർന്ന് അനുമോദനം നൽകിയത്.
കർണാടക സ്കൂൾ വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിതേഷ് കുമാർ സിംഗ് ചടങ്ങിൽ മുഖ്യാതിഥിയായി. അമൃത എഹെഡ്സ് ഡെപ്യൂട്ടി ഡയറക്ടറും അമൃത ടിബിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഡോ. സ്നേഹൽ ഷെട്ടി ചടങ്ങിൽ അതിഥിയായി.