സ്കൂളുകളുടെ മികവ് ഉയര്‍ത്തും: മന്ത്രി വി. ശിവന്‍കുട്ടി
1458021
Tuesday, October 1, 2024 6:43 AM IST
കൊല്ലം: ദേശീയതലത്തില്‍ നടക്കുന്ന മത്സര പരീക്ഷകളില്‍ അടക്കം കൂടുതല്‍ മികവു പുലര്‍ത്തുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന വിധം സര്‍ക്കാര്‍ സ്കൂളുകളിലെ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
കുമരഞ്ചിറ ഗവ.യുപി സ്കൂളില്‍ കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ സ്കൂളുകളിലെ പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എല്ലാവിധത്തിലും മികവ് പുലര്‍ത്തുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇഞ്ചക്കാട് ഗവ. എല്‍പിഎസ്, പോരുവഴി ഗവ. എച്ച് എസ്എസ്, കണന്നാര്ക്കുന്നം ഗവ. എല്‍പിഎസ്, കോതപുരം ഗവ. എല്‍പിഎസ് എന്നിവിടങ്ങളില്‍ പുതുതായി നിര്‍മിച്ച സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.