മാലിന്യമുക്ത നാടിനായി ഒരുമിച്ച് പ്രവർത്തിക്കണം: മന്ത്രി എം.ബി. രാജേഷ്
1454663
Friday, September 20, 2024 5:55 AM IST
കൊല്ലം: സംസ്ഥാനം സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമായി മാറുന്നതിനു ഓരോ പൗരന്റെയും സമര്‍പ്പിത മനോഭാവത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് മന്ത്രി എം.ബി. രാജേഷ്.
കൊല്ലം കോര്പ്പറേഷന് കൗണ്‍സില്‍ ഹാളില്‍ സ്വച്ഛത ഹി സേവാ 2024 കാമ്പയിന്റെ സംസ്ഥാനതല ലോഞ്ചും മാലിന്യ നിക്ഷേപത്തിന് എതിരേ പരാതി നല്‍കാനുള്ള പൊതു വാട്സാപ്പ് നമ്പറിന്റെ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് കൊട്ടാരക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.ജനപങ്കാളിത്തം വര്‍ധിപ്പിച്ച് മാലിന്യമുക്ത കേരളം സൃഷ്ടിക്കുക എന്നതാണ് വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. ഡെപ്യുട്ടി മേയര്‍ കൊല്ലം മധു, എല്‍എസ്ജിഡി സ്പെഷല്‍ സെക്രട്ടറി അനുപമ, കോര്പ്പറേഷന് സെക്രട്ടറി ആര്.എസ്. അനു, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുരീപ്പുഴ ചണ്ടി ഫാക്ടറി പരിസരത്ത് സൂര്യകാന്തി പൂ കൃഷിയുടെ വിത്ത് പാകിയുള്ള ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
മാലിന്യമെറിഞ്ഞാൽ വാട്സ് ആപ്പിൽ പരാതി നൽകാം
കൊല്ലം: മാലിന്യമെറിഞ്ഞാൽ പരാതി നൽകാനുള്ള വാട്സ് ആപ്പ് നന്പർ നിലവിൽ വന്നു. 9446700800 എന്ന വാട്സാപ്പ് നമ്പരിൽ ജനങ്ങള്‍ക്ക് പരാതി നൽകാം.
മാത്രമല്ല പൊതുസ്ഥലങ്ങളില്‍ മാലിന്യം കൂടി കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍ വരുത്താനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവര്‍ക്ക് എതിരേ തെളിവുകള്‍ സഹിതം പരാതി നല്‍കാനും നന്പർ ഉപയോഗിക്കാം. പൊതു വാട്സാപ്പ് നമ്പര്‍ എന്നത് ഒരു സോഷ്യല്‍ ഓഡിറ്റ് ആയി കൂടി പ്രവര്‍ത്തിക്കും.
സംസ്ഥാനതല വാര് റൂമില്‍ ലഭിക്കുന്ന പരാതികള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നല്‍കും. രണ്ടു ഘട്ടമായാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ആദ്യം മലിനമായ ഇടം ശുചിയാക്കും. അതിനോടൊപ്പം കുറ്റക്കാര്‍ക്ക് എതിരേ നടപടി സ്വീകരിക്കും.