അമ്മയേയും മക്കളേയും ആശ്രയ സങ്കേതം ഏറ്റെടുത്തു
1454383
Thursday, September 19, 2024 5:59 AM IST
കൊട്ടാരക്കര: ശാരീരിക മാനസിക ദുരിതങ്ങളുമായി അശരണരായി കഴിഞ്ഞ അമ്മയേയും മാനസിക വെല്ലുവിളി നേരിടുന്ന രണ്ട് പെൺമക്കളേയും കലയപുരം ആശ്രയ സങ്കേതം ഏറ്റെടുത്തു.
കൊല്ലം പട്ടത്താനം ഡാനി കോട്ടേജിൽ എലിസബത്ത് ഉമ്മനേയും (88 ), മക്കളായ ഏലിയാമ്മ ഉമ്മൻ ( 54 ), അനു എലിസബത്ത് ( 47 ) എന്നിവരെയാണ് ആശ്രയ ഏറ്റെടുത്തത്. എലിസബത്തിന്റെ ഭർത്താവ് ഉമ്മൻ ഡാനിയേൽ 23 വർഷം മുന്പ് മരിച്ചു. തുടർന്ന് അമ്മയാണ് മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ നോക്കിയിരുന്നത്. പ്രായാധിക്യം മൂലം മക്കളെ നോക്കാൻകഴിയാത്തതിനാൽ കളക്ടറെ സമീപിച്ചു.
കളക്ടറുടെ നിർദേശപ്രകാരം ജില്ലാ സാമൂഹ്യ നീതി വകുപ്പ്, ജില്ലാ വനിതാ സംരക്ഷണ ഓഫീസ് എന്നിവ സംയുക്തമായി അന്വേഷണം നടത്തി അമ്മയേയും മക്കളേയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഹരിഹരൻ നായർ, ജില്ലാ വനിതാ സംരക്ഷണ ഓഫീസർ എ.വി. ഷീജ, കോർപ്പറേഷൻ കൗൺസിലർ പ്രേം തുഷാർ, കൊല്ലം വുമൺ സെൽ എഎസ്ഐ എസ്. ഹയറുന്നീസ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി. സുധ,
പൊതുപ്രവർത്തകരായ ഗണേഷ് ശക്തികുളങ്ങര,വഹാബ് അയത്തിൽ, നാട്ടുകാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആശ്രയ സങ്കേതം ജനറൽ സെക്രട്ടറി കലയപുരം ജോസ്, വൈസ് പ്രസിഡന്റ് പട്ടാഴി ജി. മുരളീധരൻ എന്നിവർ ചേർന്ന് മൂവരേയും ഏറ്റെടുത്തു.