ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അനുമതി
1453289
Saturday, September 14, 2024 5:47 AM IST
കൊല്ലം: ഓയൂരിലെ ഓട്ടുമലയില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അനുമതി. അഡിഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദാണ് അനുമതി നല്‍കിയത്. അന്വേഷണം തൃപ്തികരമല്ലെന്ന രീതിയില്‍ ആറു വയസുകാരിയുടെ പിതാവ് നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് തുടര്‍ അന്വേഷണത്തിന് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ് അനുമതി തേടിയത്.
കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്. പത്മകുമാര്‍, ഭാര്യ എം.ആര്. അനിതാകുമാരി, മകള്‍ അനുപമ എന്നിവരെ കൂടാതെ ഇവരെ സഹായിക്കാന്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നു എന്നൊരു ആരോപണം ആദ്യമേ ഉണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് പോലീസ് തുടരന്വേഷണത്തിലേക്ക് നീങ്ങുന്നത്.
കുട്ടിയുടെ സഹോദരന് നാലു പേരെ കണ്ടിരുന്നതായി പറഞ്ഞെങ്കിലും പോലീസ് അന്വേഷിച്ചില്ലെന്ന കുട്ടിയുടെ പിതാവിന്റെ സംഭാഷണമാണ് പുറത്തുവന്നത്. അന്വേഷണം മൂന്നു പേരില്‍ ഒതുങ്ങിയെന്നായിരുന്നു വാര്‍ത്താ ചാനലില്‍ പിതാവ് പറഞ്ഞത്. ഇതില്‍ വ്യക്തത വരുത്താനാണ് തുടര്‍ അന്വേഷണം ആവശ്യപ്പെടുന്നത്.
കുട്ടിയുടെ പിതാവ് പറഞ്ഞതിനെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനും ഏത് സാഹചര്യത്തിലാണ് കുട്ടിയുടെ പിതാവ് ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് അന്വേഷിക്കാനുമാണ് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ അപേക്ഷ നല്‍കിയത്. ആറു വയസുകാരിയുടെ പിതാവിന്റേയും ആവശ്യമെങ്കില്‍ സഹോദരന്റേയും രഹസ്യമൊഴിയും രേഖപ്പെടുത്തും.
മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണം നടത്തുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. സമയബന്ധിതമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം, ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഒന്നാം പ്രതിയുടെ ജാമ്യ അപേക്ഷ നിരസിച്ചു. രണ്ടാം പ്രതി പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയ്ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി അനുപമയ്ക്ക് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
സ്ത്രീയെന്ന പരിഗണന നല്കി ഹൈക്കോടതി ജാമ്യം അനുവദിച്ച അതേ പശ്ചാത്തലത്തിലാണ് രണ്ടാം പ്രതിക്കും ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് വേണ്ടി സി. രാജേന്ദ്രന്, കവനാട് ബിജു, ഷിജു ഏബ്രഹാം എന്നിവരും പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍രാജും ഹാജരായി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 27 ന് വൈകുന്നേരമാണ് ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയോടെ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിസംബര്‍ ഒന്നിന് തമിഴ്നാട്ടിലെ പുളിയറിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.