കുണ്ടറ റെയിൽവേ മേൽപാലം: പ്രേമചന്ദ്രൻ എംപിയുടെ ഇടപെടൽ അഭിനന്ദനാർഹമെന്ന് പൗരവേദി
1452491
Wednesday, September 11, 2024 6:05 AM IST
കുണ്ടറ: കുണ്ടറയിൽ റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിന് ചെലവിന്റെ 50ശതമാനം സംസ്ഥാന സർക്കാർ വഹിക്കണമെന്ന നിലവിലുള്ള നിബന്ധനയിൽ ഇളവ് വരുത്തി കുണ്ടറ പള്ളിമുക്കിൽ മേൽപ്പാലം നിർമിക്കുന്നതിന് ചെലവ് മുഴുവൻ റെയിൽവേ വകുപ്പ് വഹിക്കുമെന്ന ദക്ഷിണ റെയിൽവേ അധികാരികളുടെ ഉറപ്പ് നേടിയെടുക്കാൻ പരിശ്രമിച്ച എൻ. കെ. പ്രേമചന്ദ്രൻ എംപിയുടെ ഇടപെടൽ അഭിനന്ദനാർഹമാണെന്ന് കുണ്ടറ പൗരവേദി അഭിപ്രായപ്പെട്ടു.
മേൽപ്പാലം നിർമാണച്ചെലവ് പൂർണമായും റെയിൽവേ വഹിക്കുമെങ്കിലും അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുത്ത് നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. എത്രയും വേഗം സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകണമെന്ന് കുണ്ടറ പൗരവേദി ആവശ്യപ്പെട്ടു. യോഗത്തിൽ പൗര വേദി പ്രസിഡന്റ് ഡോ.വെള്ളിമൺ നെൽസൺ അധ്യക്ഷത വഹിച്ചു.
പള്ളിമുക്കിൽ മേൽപ്പാലം യാഥാർഥ്യമായാൽകുണ്ടറയിലെ ഗതാഗതക്കുരുക്ക്നാലിലൊന്ന് പരിഹരിക്കപ്പെടും. കൊല്ലം തിരുമംഗലം, കൊല്ലം തേനി ദേശീയപാതകളുടെ സംഗമസ്ഥലമായതിനാൽ ഇളമ്പള്ളൂരിലാണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നത്. ട്രെയിൻ കടന്നുപോയി കൊല്ലത്തോ കൊട്ടാരക്കരയോ എത്തിച്ചേർന്നാലും ഇവിടുത്തെ ഗതാഗതക്കുരുക്ക് അവസാനിക്കാറില്ല.
അതിനാൽ ഇളമ്പള്ളൂരിൽ ഓവർ ബ്രിഡ്ജും അണ്ടർ പാസേജും ഉടൻ നിർമിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്നും പൗരവേദി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കെ .വി .മാത്യു, ഇ. ശശിധരൻ പിള്ള, മണിചീരങ്കാവിൽ, എം മ.ണി, ഡോ .എസ് .ശിവദാസൻ പിള്ള, പ്രഫ.എസ് .വർഗീസ്, ജി. ബാബുരാജൻ, വി .അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു