കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ
1452201
Tuesday, September 10, 2024 5:48 AM IST
പരവൂർ: കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പോലീസ് പിടിയിൽ. പൊഴിക്കരയിൽ ആൾ പാർപ്പില്ലാത്ത വീട്ടിൽ മോഷണശ്രമം നടത്തുന്നതിനിടയിലാണ് പിടിയിലായത്. പോലീസ് പറയുന്നത് : കാപ്പ നിയമപ്രകാരം ജയിൽവാസം കഴിഞ്ഞ് ഒരാഴ്ച മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്.
ഇയാൾ പരവൂരിലും പരിസരപ്രദേശങ്ങളിലും തമ്പടിച്ചതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്നലെ പുലർച്ചെ പൊഴിക്കരയിൽ ആൾ താമസമില്ലാത്ത വീടിന്റെ പോർച്ചിൽ ആരോ ഉറങ്ങുന്നതായി വഴിയാത്രക്കാർ അറിയിച്ചതനുസരിച്ച് പോലീസെത്തി പരിശോധിച്ചപ്പോഴാണ് തീവെട്ടി ബാബു ആണെന്നറിയുന്നത് .
ചോദ്യം ചെയ്യലിൽ സമീപത്തെ സ്റ്റേഷനറി കടയിൽ മോഷണം നടത്തിയതായി കണ്ടെത്തി. മദ്യപിക്കുന്നതിനായി ടച്ചിംഗ്സ് തപ്പിയാണ് സ്റ്റേഷനറി കടയുടെ പൂട്ട് പൊളിച്ചത്. കടയിലെ പണപ്പെട്ടിയിൽ നിന്ന് 3200 രൂപയും 2700 രൂപ വിലയുള്ള സിഗററ്റും മോഷ്ടിച്ചു. തുടർന്ന് മോഷ്ടിക്കാനായി കയറിയ വീട്ടിലെത്തി മദ്യപിച്ചശേഷം ഉറങ്ങിപോകുകയായിരുന്നു.
ഉറക്കം ഉണർന്നപ്പോഴാണ് പോലീസിനെയാണ് തീവെട്ടി ബാബു കണ്ടത്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്ക് കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി നൂറോളം മോഷണ കേസുകൾ ഉള്ളതായി പരവൂർ പോലീസ് അറിയിച്ചു.