കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല; വീണ്ടും ഭീഷണിയായി മണല്‍ത്തിട്ട
1539380
Friday, April 4, 2025 1:10 AM IST
പയ്യന്നൂര്‍: നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കാലാവധി പുതുക്കി നല്‍കിയിട്ടും പുതിയങ്ങാടി-പാലക്കോട് പുലിമുട്ട് നിര്‍മാണം പൂര്‍ത്തീകരിക്കാതെ കരാറുകാരന്. ഇതിനിടയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അപകട ഭീഷണിയായി വീണ്ടും മണല്‍ത്തിട്ട രൂപപ്പെട്ടു. കരാറുകാരനെ മാറ്റി പുലിമുട്ട് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 26.60 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിയുടെ പതിനെട്ട് മാസത്തെ നിര്‍മാണ കാലാവധി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കഴിഞ്ഞിട്ടും പദ്ധതി ചലനമറ്റു കിടക്കുകയാണെന്ന് ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ടി.ഐ. മധുസൂദനന് എംഎല്‍എയുടെ ചോദ്യത്തിനുള്ള നിയമസഭയിലെ മറുപടിയായി 40 ശതമാനം പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചതെന്നാണ് മത്സ്യബന്ധന വകുപ്പ് മന്ത്രിയുടെ മറുപടിയുണ്ടായത്.
ചൂട്ടാട് ഭാഗത്ത് 210 മീറ്റര്‍ നീളത്തിലുള്ള പ്രവൃത്തിയില്‍ നൂറു മീറ്ററോളം മാത്രമാണ് ഭാഗികമായി പൂര്‍ത്തീകരിച്ചത്. പാലക്കോട് ഭാഗത്ത് 365 മീറ്റര്‍ നീളത്തിലുള്ള പ്രവൃത്തിയില്‍ നൂറു മീറ്ററോളമാണ് പൂര്‍ണമായും പൂര്‍ത്തീകരിച്ചതെന്നും 2025 ഫെബ്രുവരി 15 ന് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ഒരുവര്‍ഷത്തോളം വീണ്ടും നീട്ടിനല്‍കിയ കാലാവധി കഴിഞ്ഞിട്ടും പാലക്കോട് അഴിമുഖത്തെ പുലിമുട്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമായില്ല.
നിർമാണം അറിയില്ലായെന്ന് വ്യക്തമാക്കുന്ന ഇത്തരത്തിലൊരു പുലിമുട്ട് നിര്‍മാണം ഇതുവരെ കണ്ടിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇതേ കരാറുകാരന് ഏറ്റെടുത്ത മാട്ടൂല്‍ പുലിമുട്ട് നിര്‍മാണം നിലച്ചുകിടക്കുന്ന അവസ്ഥയും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ആവശ്യമായ യോഗ്യതകളില്ലാത്ത കരാറുകാരനെ നിര്‍മാണ ചുമതലയേല്‍പ്പിച്ചതാണ് ഈ അനിശ്ചിതത്വത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കരാറുകാരനും ഉദ്യോഗസ്ഥരിലെ ചിലരുമായുമുള്ള കൂട്ടുകെട്ടാണ് സര്‍ക്കാരിന്റെ പണം പാഴാകാൻ ഇടയാക്കിയതെന്നാണു സൂചന. പുലിമുട്ട് നിര്‍മാണത്തിലെ അനിശ്ചിതത്വം മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയായി മാറുന്ന മണല്‍ത്തിട്ട വീണ്ടും രൂപപ്പെടുവാനിടയാക്കിയതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇതോടെ കടലില്‍ ജോലിക്കായി പോകുന്ന മത്സ്യത്തൊഴിലാളികളുടെ മനസില്‍ വീണ്ടും ഭീതി ഉടലെടുത്തിരിക്കുകയാണ്. അടുത്ത മഴക്കാലത്തിന് മുമ്പായി അടിയന്തരമായും പുലിമുട്ട് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ചൂട്ടാട്-പാലക്കോട് അഴിമുഖത്ത് മണല്‍ത്തിട്ടയിലിടിച്ച് മത്സ്യത്തൊഴിലാളികളുടെ ജീവന് നഷ്ടമായ നിരവധി ദാരുണ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഫൈബര്‍ ബോട്ടുകളും യന്ത്രങ്ങളും പലപ്പോഴായി തകർന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടങ്ങളുമുണ്ടായി. ഇതേത്തുടര്‍ന്ന് പുലിമുട്ട് നിര്‍മിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവിലാണ് പുലിമുട്ട് നിര്‍മാണത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചത്.