പറക്കളായിയിലെ വീട്ടുമുറ്റത്ത് വീണ്ടും പുലിയെത്തി
1539101
Thursday, April 3, 2025 2:02 AM IST
അമ്പലത്തറ: പറക്കളായിയിൽ കഴിഞ്ഞദിവസം വളർത്തുനായയെ ഇരയാക്കിയ വീട്ടുമുറ്റത്ത് വീണ്ടും പുലിയെത്തി. കല്ലടംചിറ്റയിലെ വികാസിന്റെ വീട്ടുമുറ്റത്താണ് ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ പുലി വീണ്ടുമെത്തിയത്. വികാസിന്റെ വീട്ടിലെ സിസിടിവി കാമറയിൽ വീട്ടുമുറ്റത്ത് പുലി നിൽക്കുന്നതും കിടക്കുന്നതുമായ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 12ഓടെയാണ് ഇതേ വീട്ടുമുറ്റത്തുവച്ച് പുലി വളർത്തുനായയെ ഇരയാക്കിയത്. കാര്യമായ അവശിഷ്ടങ്ങളൊന്നും ബാക്കിയുണ്ടായിരുന്നില്ലെങ്കിലും അടുത്ത രാത്രിയിൽ പുലി വീണ്ടും ഇതേ സ്ഥലത്തെത്തുകയായിരുന്നു. ആളുകൾ ഉറങ്ങുന്നതിനുമുമ്പ് രാത്രി എട്ടുമണിയോടെതന്നെ പുലിയെത്തിയത് സമീപവാസികൾക്ക് കൂടുതൽ ഭീതിയായി. തിങ്കളാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
മടിക്കൈ, കോടോം-ബേളൂർ, പുല്ലൂർ-പെരിയ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ രണ്ടുമാസത്തിലധികമായി ഭീതി പരത്തുന്ന പുലി ഇപ്പോൾ പറക്കളായിക്ക് സമീപം തന്നെ തമ്പടിച്ചിട്ടുണ്ടെന്നാണ് നിഗമനം.
പുലിക്ക് ഒളിച്ചിരിക്കാൻ പാകത്തിലുള്ള കശുമാവിൻ തോട്ടങ്ങളും റബർ തോട്ടങ്ങളും കുറ്റിക്കാടുകളും വിജനമായ പ്രദേശങ്ങളും ചുറ്റുപാടുമുണ്ട്. ബേഡഡുക്കയിലെ പുലിയെ പിടികൂടിയതുപോലെ ഇവിടെയും അടിയന്തിരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.