ബസ് സ്റ്റാന്‍ഡ് അടച്ചുപൂട്ടിയതിനെതിരേ പ്രതിഷേധവുമായി കാഞ്ഞങ്ങാട്ടെ വ്യാപാരികള്‍
1539098
Thursday, April 3, 2025 2:02 AM IST
കാഞ്ഞങ്ങാട്: കോട്ടച്ചേരി പഴയ ബസ് സ്റ്റാന്‍ഡ് അറ്റകുറ്റപ്പണിക്കായി ആറുമാസത്തേയ്ക്ക് അടച്ചുപൂട്ടിയതിനെതിരെ പ്രതിഷേധവുമായി കാഞ്ഞങ്ങാട്ടെ വ്യാപാരികള്‍. റംസാന് കഴിഞ്ഞ് വിഷുവിന്റെയും ഈസ്റ്ററിന്റെയും കച്ചവടം പ്രതീക്ഷിച്ചിരിക്കുന്ന തങ്ങളെ നിരാശയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് നഗരസഭയെന്ന് വ്യാപാരികള്‍ ആരോപിച്ചു.
നൂറുകണക്കിന് ബസുകള്‍ കയറിയിറങ്ങുന്ന ബസ്റ്റാന്‍ഡ് അടച്ചിട്ടുകൊണ്ട് യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ പാര്‍ക്കിംഗ് സൗകര്യം തീരെയില്ലാതെ വീര്‍പ്പുമുട്ടുന്ന കാഞ്ഞങ്ങാട് നഗരത്തെ അക്ഷരാര്‍ഥത്തില്‍ നിശ്ചലമാകകയിരിക്കുകയാണ്. കാഞ്ഞങ്ങാട് നഗരത്തില്‍ എത്തുന്ന ബസുകള്‍ മുഴുവന്‍ ഇപ്പോള്‍ മെയിന്‍ റോഡിലും സര്‍വീസ് റോഡിലും ആണ് പാര്‍ക്ക് ചെയ്യുന്നത്. അതുമൂലം നഗരം മുഴുവന്‍ ട്രാഫിക് ബ്ലോക്ക് സംഭവിച്ചിരിക്കുന്നു.
വളരെയധികം വീതിയുള്ള റോഡും സര്‍വീസ് റോഡും ഉള്ള കാഞ്ഞങ്ങാട് നഗരത്തില്‍ ഷോപ്പിംഗിനായി വരുന്ന പൊതുജനങ്ങള്‍ക്ക് അഞ്ചു മിനിറ്റ് പോലും വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സാധിക്കുന്നില്ല.
നഗരസഭയുടെ കെടുകാര്യസ്ഥത മൂലം അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന സ്റ്റാന്‍ഡുകളും അനധികൃത ഫുട്പാത്ത് കച്ചവടക്കാരും മറ്റു ട്രെയിന്‍ യാത്രക്കാരും രാവിലെ തന്നെ സര്‍വീസ് റോഡ് മുഴുവന്‍ കയ്യേറി കഴിയും. നഗരസഭയ്ക്ക് നികുതിവരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന വ്യാപാരികള്‍ക്ക് കച്ചവടം നടത്തുവാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഇപ്പോള്‍ കാഞ്ഞങ്ങാടുള്ളത്.
രണ്ടായിരത്തിലധികം കച്ചവടക്കാരുള്ള കാഞ്ഞങ്ങാട് നഗരത്തില്‍ ഉപഭോക്താവിന്റെ വാഹനം നിര്ത്തിയിടുവാനോ ഷോപ്പിംഗ് നടത്തുവാനോ സ്ഥലമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സമയത്താണ് നഗരത്തിലെ ബസ് സ്റ്റാന്‍ഡ് അടച്ചുകൊണ്ട് ബസുകളെയും യാത്രക്കാരെയും റോഡിലേക്ക് ഇറക്കിവിടുന്ന സ്ഥിതി വന്നിരിക്കുന്നത്.
വിഷുവും ഈസ്റ്ററും അടുപ്പിച്ചുവരുന്ന ഈ ഉത്സവകാലം കഴിഞ്ഞ് രണ്ടുമാസം കൊണ്ട് തന്നെ ബസ് സ്റ്റാന്‍ഡ് യാര്‍ഡ് പണി പൂര്ത്തിയാക്കണമെന്നുംനഗരത്തില് എത്രയും പെട്ടെന്ന് ട്രാഫിക് പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ നഗരത്തിലെ മുഴുവന്‍ വ്യാപാരികളും കടയടച്ചിട്ട് സമരം ചെയ്യുമെന്ന് വ്യാപാരഭവനില്‍ ചേര്‍ന്ന കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് അടിയന്തിര ഭരണസമിതിയോഗം തീരുമാനിച്ചു.
പ്രസിഡന്റ് സി.കെ.ആസിഫ് അധ്യക്ഷതവഹിച്ചു. ആസിഫ് മെട്രോ, പി.മഹേഷ്, ഗിരീഷ് നായക്, അമൃത ബാബു, എച്ച്.ഇ.സലാം, നിത്യാനന്ദനായക്, സമീര്‍ ഡിസൈന്‍, ഷെരീഫ് കമ്മാടം, ഷെരീഫ് ഫോട്ടോ ഫ്രെയിം, ഷറഫുദ്ദീന്, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ഐശ്വര്യ കുമാരന് സ്വാഗതവും പി.വി.അനില്‍ നന്ദിയും പറഞ്ഞു.