വിശ്വാസനിറവിൽ രാജപുരം ബൈബിൾ കൺവൻഷൻ
1539676
Saturday, April 5, 2025 1:02 AM IST
രാജപുരം: രാജപുരം, പനത്തടി ഫൊറോനകളുടെ നേതൃത്വത്തിൽ രാജപുരം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പതിനാലാമത് രാജപുരം ബൈബിൾ കൺവൻഷൻ നാളെ സമാപിക്കും. രണ്ടാം ദിവസം നടന്ന ദിവ്യബലിക്ക് മാനന്തവാടി സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമികത്വം വഹിച്ചു.
കള്ളാർ സെന്റ് തോമസ് പള്ളിവികാരി ഫാ.ജോസ് തറപ്പുതൊട്ടിയിൽ, ഫാ.സണ്ണി ഊപ്പൺ എസ്ഡിബി ചുള്ളിക്കര എന്നിവർ സഹകാർമികരായിരുന്നു. നാളെ ദിവ്യബലിക്ക് രാജപുരം ഫൊറോന വികാരിയും ചെയർമാനുമായ ഫാ. ജോസ് അരീച്ചിറ മുഖ്യകാർമികത്വം വഹിക്കും. രാജപുരം, പനത്തടി ഫൊറോനകളിലെ വൈദികർ സഹകാർമികരാകും. ചാലക്കുടി പോട്ട ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്താനം നയിക്കുന്ന കൺവൻഷൻ നാളെ ദിവ്യകാരുണ്യ ആരാധനയോടെ സമാപിക്കും.
കൺവൻഷന്റെ ഭാഗമായി ഇന്നു രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെ കൺവൻഷൻ ഗ്രൗണ്ടിൽ യുവജന സംഗമം നടക്കും. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്ത് യുവജനങ്ങളുമായി സംവദിക്കും.
‘നമുക്ക് ലഭിച്ച നന്മകൾ മറ്റുള്ളവരുടെ
വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തണം’
രാജപുരം: നമുക്കു ലഭിക്കുന്ന നന്മകൾ തനിക്ക് ചുറ്റും നിൽക്കുന്ന പൊതുസമൂഹത്തിന്റെ ഉന്നമനത്തിനും, വളർച്ചയ്ക്കുമായി പ്രയോജനപ്പെടുത്തണമെന്ന് ആ മാനന്തവാടി സഹായമെത്രാൻ മാർ അലക്സ് താരാമംഗലം. മറ്റുള്ളവരുടെ നന്മകൾ കാണാനും അവരിലൂടെ ദൈവ മഹത്വം ദർശിക്കുവാനും, ആധുനിക കാലഘട്ടത്തിന്റെ തിന്മകളിൽ നിന്ന് മോചനം ലഭിക്കുവാനും കൺ ബൈബിൾ കൺവൻഷനുകൾ നമ്മളെ സഹായിക്കുന്നു.
കാലഘട്ടത്തിനനുസൃതമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ദൈവ വിശ്വാസവും നന്മയും നമ്മിൽ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.