കുട്ടനാടി പാടശേഖരത്തിൽ ഉപ്പുവെള്ളം കയറി നെൽകൃഷി നശിച്ചു
1539675
Saturday, April 5, 2025 1:02 AM IST
തൃക്കരിപ്പൂർ: കാസർഗോഡ് ജില്ലയുടെ നെല്ലറയായി അറിയപ്പെടുന്ന കുട്ടനാടി പാടശേഖരത്തിലെ നെൽകർഷകർക്ക് തിരിച്ചടിയാവുന്ന തരത്തിൽ ചെറിയചാൽ-മീലിയാട്ട് ക്രോസ്ബാറിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. തൈക്കീൽ റോഡിനടുത്തുള്ള മീലിയാട്ട് ക്രോസ്ബാറിൽ സ്ഥാപിച്ചിരുന്ന പലകകൾ തകർത്തെറിഞ്ഞു. ഉറപ്പിച്ചു നിർത്തിയിരുന്ന കോൺക്രീറ്റ് സ്ലാബുകൾ ഹാമർ ഉപയോഗിച്ച് പൊളിക്കുകയും ചെയ്തു.
ഇന്നലെ രാവിലെ വയലിലേക്ക് ഉപ്പുവെള്ളം കയറിയത് കണ്ട കർഷകർ അന്വേഷിച്ചെത്തിയപ്പോഴാണ് കോസ്ബാറിൽ ഉണ്ടായ അതിക്രമം കണ്ടെത്തിയത്. മൂന്നു പതിറ്റാണ്ട് മുമ്പ് പണിത മീലിയാട്ട് ക്രോസ്ബാറിൽ സ്ഥാപിച്ച പലകകൾ ഭൂരിഭാഗവും ഇളക്കിയെടുത്ത് കടത്തി കൊണ്ടുപോവുകയും ചെയ്തു. പലകകൾ ഇടുന്ന കോൺക്രീറ്റ് സ്ലാബുകളാണ് ഹാമർ ഉപയോഗിച്ച് അടിച്ചു തകർത്തത്.
കുട്ടനാടി പാടശേഖരത്തിൽ നെല്ല് വിരിയുന്ന വേളയിലുണ്ടായ അതിക്രമം മൂലം ഇരുപത് ഏക്കറിൽ കൂടുതൽ നെൽകൃഷി നശിക്കുന്ന തരത്തിലാണ് ഉപ്പുവെള്ളം കയറിയിട്ടുള്ളത്. മീലിയാട്ട് ഭാഗത്തുള്ള കർഷകർ ചെറിയ വരമ്പുകൾ ഉയർത്തി ഉപ്പുവെള്ളം തടയാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ നവംബർ അവസാനത്തോടെ മണൽചാക്കുകൾ നിറച്ച് മരപ്പലകകൾ സ്ഥാപിച്ച ക്രോസ്ബാറിലാണ് സാമൂഹ്യ വിരുദ്ധരുടെ അക്രമമുണ്ടായത്.
മഴ ശക്തമാകുന്ന ജൂൺ മാസത്തിൽ പലകകളും മണൽചാക്കും നീക്കുകയാണ് പതിവ്. 2022-23 വർഷം പഞ്ചായത്ത് പദ്ധതിയിൽ 60,000 രൂപ ചെലവിട്ടാണ് ക്രോസ്ബാറിൽ പലകയിട്ടത്. കർഷകരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്ന തരത്തിലാണ് പാടശേഖരത്തിൽ ഉപ്പുവെള്ളം കയറിയിട്ടുള്ളത്.
ശക്തമായ വേലിയേറ്റമുണ്ടാകുന്ന വേളയിൽ തോട്ടിൽ നിന്നും നെൽകൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് ചൂണ്ടിക്കാട്ടി അധികൃതർക്ക് കർക്ഷകരും പാടശേഖര സമിതിയും കർഷക സംഘടനകളും നിവേദനങ്ങൾ നൽകി വർഷങ്ങളായി കാത്തിരിക്കുകയാണെങ്കിലും വേണ്ട നടപടി ഉണ്ടാവുന്നില്ല.
മെട്ടമ്മൽ വയലോടി ചെറിയചാലിന്റെ തുടക്കത്തിൽ പുതിയ ക്രോസ് ബാർ നിർമിച്ച് ഉപ്പുവെള്ളം കയറുന്നത് തടയണമെന്നാണ് കർഷകരും പാടശേഖര സമിതി ഭാരവാഹികളും ആവശ്യപ്പെടുന്നത്. തകർക്കപ്പെട്ട മീലിയാട്ട് ക്രോസ് ബാർ തൃക്കരിപ്പൂർ അസി.കൃഷി ഓഫീസർ
പി.സതീശന്റെ നേതൃത്വത്തിൽ കൃഷി വകുപ്പ് അധികൃതരും പഞ്ചായത്തംഗം കെ.എ.ഫരീദാബീവി,പാടശേഖര സമിതി പ്രസിഡന്റ് വി.വി.ബാലകൃഷ്ണൻ, സെക്രട്ടറി വി.എം.ശ്രീധരൻ, ട്രഷറർ എള്ളത്ത് കുഞ്ഞികൃഷ്ണൻ എന്നിവരും സന്ദർശിച്ചു.
ഉപ്പുവെള്ളം കയറിയതുമൂലം കുട്ടനാടി പാടശേഖരത്തിലെ വിളവെടുക്കാറായ ഏക്കർ കണക്കിന് നെൽകൃഷി കരിഞ്ഞുണങ്ങുമോയെന്ന ആശങ്കയിലാണ് കർഷകർ.