കൂൺഗ്രാമം പദ്ധതി: കര്‍ഷക സംഗമം നടത്തി
1538750
Wednesday, April 2, 2025 1:14 AM IST
പരപ്പ: സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിയുമായി സംയോജിച്ച് നടപ്പിലാക്കുന്ന കൂണ് ഗ്രാമം പദ്ധതിയുടെ ഭാഗമായി ഇടത്തോട് ന്യൂട്രി ബഡ്സ് മഷ്റൂം ഫാമില്‍ സംഘടിപ്പിച്ച കൂണ് കര്‍ഷക സംഗമം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചെറുകിട കര്‍ഷകര്‍ക്ക് മികച്ച അവസരമാണ് കൂണ് കൃഷിയിലൂടെ ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ന്യൂട്രി ബഡ്സ് മഷ്റൂം ഫാം നടത്തുന്ന യുവ സംരംഭകൻ സച്ചിന്റെ മാതൃക മന്ത്രി എടുത്തുകാട്ടി.
100 ചെറുകിട കൂണ് ഉത്പാദന യൂണിറ്റുകള്‍, രണ്ടു വന്‍കിട ഉത്പാദന യൂണിറ്റുകള്‍, ഒരു കൂണ് വിത്ത് ഉത്പാദന യൂണിറ്റ്, മൂന്ന് സംസ്കരണ യൂണിറ്റുകള്‍, രണ്ട് പായ്ക്ക് ഹൗസുകള്‍, 10 കമ്പോസ്റ്റ് ഉത്പാദന യൂണിറ്റുകള്‍ എന്നിവയാണ് പരപ്പ ബ്ലോക്കിൽ കൂൺഗ്രാമം പദ്ധതിയുടെ ഭാഗമായി അനുവദിക്കുക. ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്തെ 20 ബ്ലോക്കുകളിലാന്നാണ് പരപ്പ.
ഇ.ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷതവഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എന്‍.ജ്യോതികുമാരി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്, വാര്‍ഡ് മെംബര്‍ ജോസഫ് വര്‍ക്കി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാഘവേന്ദ്ര, ബ്ലോക്ക് കൃഷി അസി. ഡയറക്ടര്‍ സി.എസ്.സുജിതാമോള്‍ എന്നിവര്‍ പങ്കെടുത്തു.