ഉഷ്ണകാല ദുരന്ത ലഘൂകരണ കാമ്പയിന്: ബോധവത്കരണം നടത്തി
1538479
Tuesday, April 1, 2025 12:48 AM IST
കാസര്‍ഗോഡ്: കനത്ത ചൂടിനെയും അതുമൂലം ഉണ്ടാകുന്ന രോഗങ്ങളെയും പ്രതിരോധിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉഷ്ണകാല ദുരന്ത ലഘൂകരണ കാമ്പയിന് എഡിഎം പി. അഖില്‍ ഉദ്ഘാടനം ചെയ്തു. ഡിഎം സെക്ഷന്‍ ജെഎസ്പി വി. രാജന് അധ്യക്ഷതവിച്ചു.
ചൂട് കൂടുന്ന സാഹചര്യത്തില്‍ ഹരിതകര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വേനല്‍ചൂടും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കവേ ജെഎഎംഒ പി. രഞ്ജിത് പറഞ്ഞു.
രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയങ്ങളില്‍ വെയിലിനെ കൂടുതല്‍ അഭിമുഖികരിക്കാത്ത വിധത്തില്‍ ജോലി സമയം ക്രമീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലവര്‍ഗങ്ങളും പാനീയങ്ങളും ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്നും തലവേദന, തലകറക്കം, പേശി വലിവ് ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരം അറിയിക്കണം എന്നും അദ്ദേഹം അറിയിച്ചു.
ചപ്പുചവറുകള്‍ക്ക് തീയിടുന്ന സാഹചര്യത്തില്‍ തീപിടുത്തം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാനുള്ള സുരക്ഷ മാര്‍ഗങ്ങളും കരുതണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ ഫയര്‍ഫോഴ്സിനെയോ അടുത്തുള്ള ഫയര്‍ ഓഫീസുകളെയോ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ കരുതണമെന്നും തീപിടുിത്തമുണ്ടായാല് സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസ് കൈകാര്യം ചെയ്ത ജില്ലാ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ ജീവന് പറഞ്ഞു.
അനലിസ്റ്റ് പി.വി. ശില്പ സ്വാഗതവും എല്‍എസ് ഡി പ്ലാന്‍ കോഓര്‍ഡിനേറ്റര്‍ അഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.