നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റും പുതിയ പാർക്കിംഗ് ഗ്രൗണ്ടും തുറന്നു
1539385
Friday, April 4, 2025 1:10 AM IST
നീലേശ്വരം: ആൾത്തിരക്കും വരുമാനവുമുണ്ടായിട്ടും അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ദീർഘകാലം അവഗണന സഹിക്കേണ്ടിവന്ന നീലേശ്വരം റെയിൽവേ സ്റ്റേഷന് ഇനി ആധുനിക മുഖം. റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തോടനുബന്ധിച്ച് സ്ഥാപിച്ച ലിഫ്റ്റ് സംവിധാനവും കിഴക്കുവശത്ത് രണ്ടാം പ്ലാറ്റ്ഫോമിനോടനുബന്ധിച്ച് ഒരുക്കിയ പുതിയ വിശാലമായ പാർക്കിംഗ് ഗ്രൗണ്ടും പൊതുജനങ്ങൾക്കായി തുറന്നു.
ഇരുചക്ര വാഹനങ്ങൾക്ക് 20 രൂപയും കാറുകൾക്ക് 50 രൂപയുമാണ് 24 മണിക്കൂർ നേരത്തേക്കുള്ള പാർക്കിംഗ് ഫീസ്. മലയോരത്തെ യാത്രക്കാർ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന നീലേശ്വരം സ്റ്റേഷനിൽ ലിഫ്റ്റും കിഴക്കുവശത്ത് പാർക്കിംഗ് സൗകര്യവും വേണമെന്ന ആവശ്യം ദീർഘകാലമായി ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം പാലക്കാട് ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദി നീലേശ്വരത്തെത്തിയപ്പോൾ ഇക്കാര്യങ്ങൾ ഉടൻ നടപ്പാക്കുമെന്ന് ഉറപ്പ് നല്കിയിരുന്നു. നിരവധി ദീർഘദൂര വണ്ടികൾക്ക് അടുത്തിടെ സ്റ്റോപ്പ് അനുവദിച്ചതും നീലേശ്വരത്തിന് നേട്ടമായി. ചെന്നൈ-മംഗളൂരു മെയിലിനുകൂടി സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാണ് ഇനി ബാക്കിയുള്ളത്.