വായനാ ചലഞ്ചിനൊപ്പം വിനോദയാത്രയ്ക്കൊരുങ്ങി ആയന്നൂരിലെ കുട്ടികൾ
1538476
Tuesday, April 1, 2025 12:48 AM IST
ആയന്നൂർ: ഈസ്റ്റ് എളേരി പഞ്ചായത്തും ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതിയും ചേർന്ന് നടത്തുന്ന അവധിക്കാല വായനാ ചലഞ്ചിനൊപ്പം കുട്ടികൾക്ക് വിനോദയാത്രയ്ക്കൂ കൂടി അവസരമൊരുക്കാൻ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി. രണ്ടുമാസത്തിനുള്ളിൽ 75 പുസ്തകങ്ങൾ വായിച്ച് ഡയമണ്ട് ചലഞ്ച് പൂർത്തീകരിക്കുന്നവർക്കാണ് മറ്റു സമ്മാനങ്ങൾക്കൊപ്പം ഒരു ദിവസത്തെ വിനോദയാത്രയ്ക്കുള്ള അവസരം ലൈബ്രറി മുന്നോട്ടുവയ്ക്കുന്നത്.
വായനാ ചലഞ്ചിന്റെയും ഗ്രന്ഥശാലയിൽ ആരംഭിച്ച അവധിക്കാല വായനശാലയുടെയും ഉദ്ഘാടനം എഴുത്തുകാരൻ സന്തോഷ്കുമാർ ചെറുപുഴ നിർവഹിച്ചു. ബാലവേദി പ്രസിഡന്റ് ലിംഷ ബോബി അധ്യക്ഷയായി. കുട്ടികൾക്കുള്ള വായന ഡയറികളുടെ വിതരണം ലൈബ്രറി പ്രസിഡന്റ് പി.വി. പുരുഷോത്തമൻ നിർവഹിച്ചു.
ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ പി.ഡി. വിനോദ്, ലൈബ്രേറിയൻ ആതിര സരിത്ത്, ബാലവേദി സെക്രട്ടറി ദേവനന്ദ ബിനോയി, ജോയിന്റ് സെക്രട്ടറി ദിയ തോമസ് എന്നിവർ പ്രസംഗിച്ചു.